റാസ് അൽ ഖൈമ: വ്യവസായ മേഖലകളെ നഗരവുമായി ബന്ധിപ്പിക്കുന്ന ബസ് സർവീസ് ആരംഭിച്ചു

GCC News

എമിറേറ്റിലെ വിവിധ വ്യവസായ മേഖലകളെ നഗരവുമായി ബന്ധിപ്പിക്കുന്നതിനായുള്ള പ്രത്യേക നോൺ-സ്റ്റോപ്പ് ബസ് സർവീസ് ആരംഭിച്ചതായി റാസ് അൽ ഖൈമ ട്രാൻസ്‌പോർട് അതോറിറ്റി (RAKTA) അറിയിച്ചു.

‘റാക് റൈഡ്’ എന്ന പേരിലുള്ള ഈ പ്രത്യേക ബസുകൾ ഘട്ടം ഘട്ടമായി റാസ് അൽ ഖൈമയിലെ വിവിധ വ്യവസായ മേഖലകളെയും സിറ്റി സെന്ററിനെയും ബന്ധിപ്പിക്കുന്ന രീതിയിൽ സർവീസ് നടത്തുന്നതാണ്.

Source: Ras Al Khaimah Transport Authority.

ഇതിന്റെ ആദ്യ ഘട്ടത്തിൽ അൽ ഖൈൽ ഇൻഡസ്ട്രിയൽ ഏരിയയെ റാസ് അൽ ഖൈമ നഗരത്തിലെ അൽ നഖീലുമായി ബന്ധിപ്പിക്കുന്ന സർവീസാണ് ആരംഭിച്ചിരിക്കുന്നത്. ഈ ബസ് അദേൻ, റാസ് അൽ ഖൈമ എയർപോർട്ട് എന്നിവിടങ്ങളിലൂടെ കടന്ന് പോകുന്ന രീതിയിലാണ് ഈ റൂട്ട് ഒരുക്കിയിരിക്കുന്നത്.

Source: Ras Al Khaimah Transport Authority.

അൽ നഖീൽ സ്റ്റേഷനിൽ നിന്ന് അൽ ഖൈൽ ഇൻഡസ്ട്രിയൽ സ്റ്റേഷൻ വരെയുള്ള യാത്രയ്ക്ക് ഈ ബസ് 45 മിനിറ്റാണ് എടുക്കുന്നത്. ദിനവും രാവിലെ 6 മണിമുതൽ രാത്രി 10 മണിവരെയാണ് ഈ സർവീസ്.

യാത്രികർക്ക് കൂടുതൽ മികച്ച യാത്രാ സേവനങ്ങൾ ഉറപ്പാക്കുക, അനധികൃതമായി യാത്രാ സേവനങ്ങൾ നൽകുന്നവരെ ഒഴിവാക്കുക, ഇന്ധനക്ഷമത കൂടിയ ബസുകൾ ഉപയോഗിക്കുന്നതിലൂടെ കൂടുതൽ പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനങ്ങൾ ഉപയോഗപ്പെടുത്തുക തുടങ്ങിയ നിരവധി ലക്ഷ്യങ്ങൾ കണക്കിലെടുത്താണ് RAKTA ഈ സർവീസ് വിഭാവനം ചെയ്തിരിക്കുന്നത്.