ഖത്തർ: റാപിഡ് ആന്റിജൻ COVID-19 ടെസ്റ്റുകൾ സ്വകാര്യ ആരോഗ്യപരിചണ കേന്ദ്രങ്ങളിൽ നിന്ന് ലഭ്യമാണെന്ന് ആരോഗ്യ മന്ത്രാലയം

Qatar

2021 ജൂൺ 18 മുതൽ സർക്കാർ മേഖലയിലെയും, സ്വകാര്യ മേഖലയിലെയും മുഴുവൻ ജീവനക്കാർക്കും ആഴ്ച്ച തോറും റാപിഡ് ആന്റിജൻ ടെസ്റ്റ് നിർബന്ധമാക്കിയ സാഹചര്യത്തിൽ ഇത്തരം പരിശോധനകൾ നടത്തുന്നതുമായി ബന്ധപ്പെട്ട് ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിപ്പ് പുറത്തിറക്കി. COVID-19 വാക്സിനിന്റെ മുഴുവൻ ഡോസുകളും പൂർത്തിയാക്കിയവർ, രോഗമുക്തി നേടിയവർ, ആരോഗ്യ കാരണങ്ങളാൽ വാക്സിനെടുക്കാൻ സാധിക്കാത്തവർ (ഇത് തെളിയിക്കുന്ന അംഗീകൃത മെഡിക്കൽ റിപ്പോർട്ട് നിർബന്ധം) എന്നീ വിഭാഗങ്ങൾ ഒഴികെയുള്ള മുഴുവൻ ജീവനക്കാർക്കും ഖത്തർ ആഴ്ച്ച തോറും റാപിഡ് ആന്റിജൻ പരിശോധന നിർബന്ധമാക്കിയിട്ടുണ്ട്.

“ഇത്തരത്തിൽ റാപിഡ് ആന്റിജൻ പരിശോധന ആവശ്യമായി വരുന്നവർക്ക് സ്വകാര്യ ആരോഗ്യ പരിചരണകേന്ദ്രങ്ങളിൽ നിന്ന് ഇവ നേടാവുന്നതാണ്.”, മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കുന്നു. “ഈ പരിശോധനയ്ക്കായി മൂക്കിൽ നിന്നുള്ള സ്രവം സ്വീകരിക്കുന്നതും, സാധാരണ സാഹചര്യത്തിൽ കേവലം പതിനഞ്ച് മിനിറ്റിനിടയിൽ പരിശോധനാ ഫലം ലഭിക്കുന്നതുമാണ്.”, മന്ത്രാലയം കൂട്ടിച്ചേർത്തു.

രാജ്യത്തെ COVID-19 നിയന്ത്രണങ്ങളിലെ ഇളവുകളുടെ രണ്ടാം ഘട്ടം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ജൂൺ 18 മുതൽ ജീവനക്കാർക്ക് ആഴ്ച്ച തോറും റാപിഡ് ആന്റിജൻ ടെസ്റ്റ് നിർബന്ധമാക്കിയത്. ഇതോടൊപ്പം, ജൂൺ 18 മുതൽ രാജ്യത്ത് വിവാഹ ചടങ്ങുകൾക്ക് അനുമതി നൽകുന്നതും, കുട്ടികൾക്ക് മാളുകളിലേക്ക് പ്രവേശനം അനുവദിക്കുന്നതും ഉൾപ്പടെ കൂടുതൽ ഇളവുകൾ ഖത്തർ ക്യാബിനറ്റ് അനുവദിച്ചിട്ടുണ്ട്.

ഇളവുകളുടെ രണ്ടാം ഘട്ടം നടപ്പിലാക്കുന്നതിന്റെ ഭാഗമായി സർക്കാർ മേഖലയിലെയും, സ്വകാര്യ മേഖലയിലെയും തൊഴിലിടങ്ങളിൽ പരമാവധി 80 ശതമാനം ജീവനക്കാർക്ക് നേരിട്ട് പ്രവേശനം അനുവദിച്ചിട്ടുണ്ട്.

Photo: @MOPHQatar