എക്സ്പോ 2020 ദുബായ് വേദിയിലെത്തിയ സന്ദർശകർക്ക് മറക്കാനാകാത്ത നിമിഷങ്ങൾ സമ്മാനിച്ച് കൊണ്ട് ലോകപ്രശസ്ത വ്യോമാഭ്യാസ പ്രദർശന സംഘമായ റെഡ് ആരോസ് വ്യോമാഭ്യാസ പ്രകടനങ്ങൾ അവതരിപ്പിച്ചു. 2021 ഒക്ടോബർ 8-ന് വൈകീട്ട് നാല് മണിക്കാണ് എക്സ്പോ 2020 ദുബായ് വേദിയിയിൽ റെഡ് ആരോസ് 20 മിനിറ്റ് നീണ്ട് നിൽക്കുന്ന വ്യോമാഭ്യാസ പ്രകടനങ്ങൾ അവതരിപ്പിച്ചത്.
യു കെ റോയൽ എയർഫോഴ്‌സിന്റെ വ്യോമാഭ്യാസ വിഭാഗമായ റെഡ് ആരോസ് ലോകത്തെ തന്നെ ഏറ്റവും മികച്ച വ്യോമാഭ്യാസ പ്രദർശന സംഘമാണ്. യു കെയെ പ്രതിനിധീകരിച്ച് കൊണ്ട്, യു കെ പവലിയന്റെ ഭാഗമായാണ് റെഡ് ആരോസ് എക്സ്പോ 2020 ദുബായ് വേദിയിലെത്തിയത്.
വ്യോമാഭ്യാസ പ്രദർശനത്തിന്റെ ഭാഗമായി റെഡ് ആരോസ് ഉപയോഗിക്കുന്ന ഹോക് ഫാസ്റ്റ് ജെറ്റ് വിമാനങ്ങൾ എക്സ്പോ 2020 വേദിയ്ക്കരികിലെ ആകാശത്ത് വർണ്ണക്കാഴ്ച്ചകൾ ഒരുക്കി. ഫോർമേഷൻ ഫ്ലയിങ്ങ്, സൂക്ഷ്‌മതയോടുള്ള പറക്കൽ, എക്സ്പോ വേദിയ്ക്ക് മുകളിലൂടെ പറക്കൽ, വർണ്ണ പുകയാൽ ഒരുക്കുന്ന കാഴ്ച്ചകൾ മുതലായവ ഈ പ്രദർശനത്തിന്റെ ഭാഗമായി അവതരിപ്പിക്കപ്പെട്ടു.
വ്യോമാഭ്യാസ പ്രകടനങ്ങൾക്ക് മുന്നോടിയായി യു കെ പവലിയനിൽ റെഡ് ആരോസ്, യു കെ റോയൽ എയർഫോഴ്‌സ്, ഹെരിയോട്ട്-വാട്ട് യൂണിവേഴ്സിറ്റി ദുബായ് എന്നിവർ സംഘടിപ്പിച്ച ഇന്ററാക്ടീവ് സയൻസ്, ടെക്നോളജി, എഞ്ചിനീയറിംഗ് ആൻഡ് മാത്തമാറ്റിക്സ് (STEM) പരിപാടി യുവ എഞ്ചിനിയര്‍മാരെയും, ഭാവിയിലെ പൈലറ്റ്മാരെയും ആകർഷിച്ചു. ഡ്രോണുകൾ, റോബോട്ടുകൾ, 3-ഡി പ്രിന്റിങ്ങ് മുതലായവ ഈ പ്രദർശനത്തിന്റെ ഭാഗമായി ഒരുക്കിയിരുന്നു.
എഞ്ചിനീയറിംഗ് മേഖലയെക്കുറിച്ച് ആഴത്തിൽ മനസ്സിലാക്കുന്നതിനും, ഭാവി തലമുറയ്ക്ക് ഈ മേഖലയിൽ നിന്ന് ലഭിക്കാവുന്ന സാധ്യതകളെക്കുറിച്ച് അറിയുന്നതിനും ഈ പ്രദർശനം സഹായകമായിരുന്നു.
with Inputs from WAM & Dubai Media Office. Cover Photo: Dubai Media Office.