ബി.എസ്. 4 വാഹനങ്ങളുടെ രജിസ്ട്രേഷൻ മാർച്ച് 31ഓടു കൂടി പൂർത്തിയാക്കേണ്ടതിനാൽ നേരിട്ടുളള പരിശോധന കൂടാതെ എല്ലാ സ്വകാര്യ വാഹനങ്ങൾക്കും താത്കാലിക രജിസ്ട്രേഷൻ എടുക്കുന്ന ദിവസം തന്നെ സ്ഥിരം രജിസ്ട്രേഷനും നൽകണമെന്ന് ആർ.ടി.ഒ/ജോയിന്റ് ആർ.ടി.ഒ മാർക്കും ട്രാൻസ്പോർട്ട് കമ്മീഷണർ നിർദ്ദേശം നൽകി. ഇങ്ങനെ രജിസ്ട്രേഷൻ ലഭിച്ച വാഹനങ്ങൾ പരിശോധനയ്ക്ക് ഹാജരാക്കേണ്ടതില്ല.
ട്രാൻസ്പോർട്ട് വാഹനങ്ങളിൽ ചില സാഹചര്യങ്ങളിൽ മാറ്റങ്ങൾ വരുത്തിയതായി ശ്രദ്ധയിൽപ്പെട്ടാൽ ഇത്തരം വാഹനങ്ങൾ സ്ഥിരം രജിസ്ട്രേഷനുശേഷം നോട്ടീസ് നൽകി ഉടമസ്ഥരുടെ സൗകര്യാർത്ഥം പരിശോധനയ്ക്ക് ഹാജരാക്കിയാൽ മതി.
കോവിഡ് 19ന്റെ നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ കഴിയുന്നതും സാമൂഹിക അകൽച്ച പാലിക്കേണ്ടതുകൊണ്ടാണ് വാഹന പരിശോധന ഒഴിവാക്കിയത്.
നിർദ്ദേശത്തിനു വിരുദ്ധമായി ഏതെങ്കിലും സ്വകാര്യ വാഹനങ്ങൾ പരിശോധനയ്ക്കായി ഹാജരാക്കാൻ ആവശ്യപ്പെട്ടാൽ അത് ശ്രദ്ധയിൽപ്പെടുത്തണമെന്ന് ട്രാൻസ്പോർട് കമ്മീഷണർ അറിയിച്ചു.