നോർത്ത് അൽ ശർഖിയ ഗവർണറേറ്റിലെ വാണിജ്യമേഖലയിൽ ഏർപ്പെടുത്തിയിട്ടുള്ള രാത്രികാല നിയന്ത്രണങ്ങൾ ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ തുടരാൻ തീരുമാനിച്ചതായി ഒമാൻ സുപ്രീം കമ്മിറ്റി വ്യക്തമാക്കി. ഫെബ്രുവരി 25-ന് ചേർന്ന സുപ്രീം കമ്മിറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. COVID-19 രോഗവ്യാപനം തുടരുന്നത് കൊണ്ടാണ് ഇത്തരം ഒരു തീരുമാനം.
നോർത്ത് അൽ ശർഖിയ ഗവർണറേറ്റിൽ ദിനവും രാത്രി 7 മുതൽ രാവിലെ 6 വരെയാണ് വാണിജ്യപ്രവർത്തനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഫെബ്രുവരി 12 മുതൽ 14 ദിവസത്തേക്കാണ് സുപ്രീം കമ്മിറ്റി ഈ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് ഈ നിയന്ത്രണങ്ങൾ ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ തുടരാൻ കമ്മിറ്റി തീരുമാനിക്കുകയായിരുന്നു.
നോർത്ത് അൽ ശർഖിയ ഗവർണറേറ്റിലെ ഇന്ധനവിതരണ കേന്ദ്രങ്ങൾ, ആരോഗ്യ കേന്ദ്രങ്ങൾ, സ്വകാര്യ ഫാർമസികൾ എന്നിവയ്ക്ക് മാത്രമാണ് നിലവിൽ രാത്രികാലങ്ങളിൽ പ്രവർത്തിക്കാൻ അനുമതി നൽകിയിട്ടുള്ളത്.
രാജ്യത്തുടനീളമുള്ള മുഴുവൻ പൊതു പാർക്കുകളും, ബീച്ചുകളും അടച്ചിടാനുള്ള തീരുമാനം തുടരാനും ഇതേ യോഗത്തിൽ സുപ്രീം കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.