ഖത്തർ: ആവശ്യമെങ്കിൽ നിയന്ത്രണങ്ങൾ തിരികെ ഏർപ്പെടുത്തുമെന്ന് ആരോഗ്യ മന്ത്രാലയം

Qatar

ഖത്തറിൽ നിലവിൽ അനുവദിച്ചിട്ടുള്ള നിയന്ത്രണങ്ങളിലെ ഇളവുകൾ, വ്യക്തമായ സൂചനകളുടെ അടിസ്ഥാനത്തിലാണെന്നും, ഏതെങ്കിലും മേഖലകളിൽ ഇളവുകൾ ഫലപ്രദമാകുന്നില്ലായെങ്കിൽ, നിയന്ത്രണങ്ങൾ തിരികെ ഏർപ്പെടുത്തുകയോ, തുടർഇളവുകൾ അനുവദിക്കുന്നത് നീട്ടുകയോ ചെയ്യാമെന്നും ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. ആരോഗ്യ മന്ത്രാലയത്തിലെ, പൊതുആരോഗ്യ ഡയറക്ടർ ഡോ. മുഹമ്മദ് അൽ താനിയാണ് ജൂലൈ 2-നു ഈ വിവരം അറിയിച്ചത്.

ഇപ്പോൾ രാജ്യത്ത് അനുവദിച്ചിട്ടുള്ള രണ്ടാം ഘട്ട ഇളവുകൾ വിജയിക്കണമെങ്കിൽ, ഖത്തറിലെ പൗരന്മാരും, നിവാസികളും ഉൾപ്പടെ എല്ലാവരുടെയും പ്രതിബദ്ധത ആവശ്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. രോഗവ്യാപനം തടയുന്നതിനും, സാധാരണ ജീവിത്തിലേക്ക് മടങ്ങുന്നതിനും കൂട്ടായ പ്രവർത്തനം ആവശ്യമാണെന്ന് അദ്ദേഹം സമൂഹത്തെ ഓർമപ്പെടുത്തി.

അത്യാവശ്യമല്ലാത്ത എല്ലാ യാത്രകളും ഒഴിവാക്കാനും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു. ഒഴിവാക്കാനാകാത്ത ആവശ്യങ്ങൾക്കായി രാജ്യത്തിനു പുറത്ത് പോകുന്നവർ തിരികെയെത്തുമ്പോൾ ആവശ്യമായ ക്വാറന്റീൻ ഉൾപ്പടെയുള്ള നടപടികളെക്കുറിച്ചും അദ്ദേഹം ഓർമപ്പെടുത്തി. സാമൂഹികമായ ഒത്തുചേരലുകൾ, കുടുംബസംഗമങ്ങൾ എന്നിവ തീർത്തും ഒഴിവാക്കേണ്ടതാണെന്ന്, അദ്ദേഹം കൂട്ടിച്ചേർത്തു.

ഇളവുകളുടെ ഭാഗമായി, സമൂഹത്തിൽ ഇടപഴകുമ്പോൾ മറ്റുള്ളവരിൽ നിന്ന് കൃത്യമായ സമൂഹ അകലം പാലിക്കാനും, കൈകൾ നിരന്തരം ശുചിയാക്കുക, മാസ്കുകൾ ധരിക്കുക, COVID-19 ആപ്പ് ഉപയോഗിക്കുക എന്നീ പൊതു സുരക്ഷാ നിർദ്ദേശങ്ങൾ അനുസരിക്കാനും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.