ദുബായ് എക്സ്പോ സിറ്റിയിൽ വെച്ച് നടക്കാനിരിക്കുന്ന 2023-ലെ COP28 (യു എൻ ക്ലൈമറ്റ് ചേഞ്ച് കോൺഫെറൻസ്) കാലാവസ്ഥാ ഉച്ചകോടിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ആദ്യ പരിപാടിയായ ‘റോഡ് ടു COP28’ മാർച്ച് 15-ന് ആരംഭിച്ചു. യു എ ഇ വിദേശകാര്യ മന്ത്രി H.H. ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാന്റെ രക്ഷാകർതൃത്വത്തിലാണ് ദുബായിലെ എക്സ്പോ സിറ്റിയിൽ യുവജനങ്ങൾ നയിക്കുന്ന ഈ പരിപാടി ആരംഭിച്ചിരിക്കുന്നത്.
ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനാണ് COP28നുള്ള തയ്യാറെടുപ്പുകൾക്ക് മേൽനോട്ടം വഹിക്കുന്ന ഉന്നത സമിതിയുടെ ചെയർമാൻ. കാലാവസ്ഥ ഉച്ചകോടിക്ക് മുന്നോടിയായി ലോകം നേരിടുന്ന പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിനും, അവയ്ക്ക് പരിഹാരം കണ്ടെത്തുന്നതിനുമായി രാജ്യത്തെ യുവാക്കൾക്ക് ഒത്തുചേരാനുള്ള സുപ്രധാനമായ ഒരു വേദിയാണ് ‘റോഡ് ടു COP28’.
കാലാവസ്ഥാ വ്യതിയാനം മനസ്സിലാക്കുന്നതിനും, ഇത് കൈകാര്യം ചെയ്യുന്നതിനും 7 മുതൽ 15 വയസ്സുവരെയുള്ള യുവ വിദ്യാർത്ഥികളെ പ്രചോദിപ്പിക്കുന്നതിനും, പഠിപ്പിക്കുന്നതിനും, ശാക്തീകരിക്കുന്നതിനുമുള്ള ഇന്ററാക്ടീവ് വർക്ക്ഷോപ്പുകളുടെ ഒരു പ്രഭാത പരിപാടിയോടെയാണ് ‘റോഡ് ടു COP28’ ആരംഭിച്ചത്. യൂത്ത് സർക്കിളുകൾ, സംവാദങ്ങൾ, ശിൽപശാലകൾ, സുസ്ഥിര സംരംഭങ്ങൾ എന്നിവയുൾപ്പെടെയുള്ള പ്രവർത്തനങ്ങൾ ഇതിന്റെ ഭാഗമായി നടക്കും.
പങ്കാളിത്തം, പ്രവർത്തനം, അഭിപ്രായം, വിദ്യാഭ്യാസം തുടങ്ങി നാല് തന്ത്രപ്രധാനമായ സ്തംഭങ്ങളെ ചുറ്റിപ്പറ്റിയാണ് ഈ പരിപാടി വിഭാവനം ചെയ്തിട്ടുള്ളത്. യുഎൻ കാലാവസ്ഥാ പ്രക്രിയയിൽ യുവജന പങ്കാളിത്തം വർധിപ്പിക്കുന്നതിനും ആഗോള കാലാവസ്ഥാ സമൂഹത്തിൽ യുവാക്കളുടെ നേതൃത്വത്തിലുള്ള, യുവാക്കൾ കേന്ദ്രീകരിച്ചുള്ള സംഘടനകളുടെ ശ്രമങ്ങൾ വർദ്ധിപ്പിക്കുന്നതിനുമുള്ള പ്രധാന സംരംഭങ്ങളുടെ സമാരംഭം കൂടിയാവും ഈ പരിപാടി.
COP28 കാലാവസ്ഥാ ഉച്ചകോടിയുടെ ഔദ്യോഗിക ലോഗോ യു എ ഇ വിദേശകാര്യ മന്ത്രി H.H. അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ 2023 ജനുവരിയിൽ പ്രകാശനം ചെയ്തിരുന്നു. 2023 നവംബർ 30 മുതൽ ഡിസംബർ 12 വരെ ദുബായ് എക്സ്പോ സിറ്റിയിൽ വെച്ചാണ് COP28 കാലാവസ്ഥാ ഉച്ചകോടി സംഘടിപ്പിക്കുന്നത്.
WAM