പത്ത് ദിവസം നീണ്ട് നിൽക്കുന്ന ‘റോഡ് ടു മനാമ’ പൈതൃകോത്സവം 2022 സെപ്റ്റംബർ 22 മുതൽ ആരംഭിക്കുമെന്ന് ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി അറിയിച്ചു. മനാമ സൂഖിൽ വെച്ചാണ് ഈ പൈതൃകോത്സവം സംഘടിപ്പിക്കുന്നത്.
ബഹ്റൈൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. 2022 സെപ്റ്റംബർ 22 മുതൽ ഒക്ടോബർ 1 വരെ ദിനവും വൈകുന്നേരങ്ങളിൽ അരങ്ങേറുന്ന രീതിയിലാണ് ഈ മേള സംഘടിപ്പിക്കുന്നത്.
പരമ്പരാഗത ബഹ്റൈനി കരകൗശലവിദ്യകളെക്കുറിച്ച് കുട്ടികൾക്ക് അറിവ് നൽകുന്നതിനും, അവരെ ഇത് പരിശീലിപ്പിക്കുന്നതിനുമുള്ള വിവിധ വർക്ക്ഷോപ്പുകൾ ഈ മേളയുടെ ഭാഗമായി അരങ്ങേറുമെന്ന് ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി വ്യക്തമാക്കി. പരമ്പരാഗത ബഹ്റൈനി വിനോദങ്ങൾ, സംഗീത പരിപാടികൾ, കുട്ടികൾക്കായുള്ള കഥാകഥന സദസ്സുകൾ മുതലായവയും ഈ മേളയുടെ ഭാഗമായി സംഘടിപ്പിക്കുന്നതാണ്. സൗദി നാഷണൽ ഡേയുമായി ബന്ധപ്പെട്ട് സെപ്റ്റംബർ 22 മുതൽ 24 വരെ പ്രത്യേക പാവകളിപ്രദര്ശനം ഉണ്ടായിരിക്കുന്നതാണ്.