രാജ്യത്തെ ട്രാഫിക് നിയമങ്ങളിലെ ഏതാനം വ്യവസ്ഥകൾ ഭേദഗതി ചെയ്തതായി റോയൽ ഒമാൻ പോലീസ് (ROP) അറിയിപ്പ് നൽകി. 2024 മെയ് 19-നാണ് ROP ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ഇതുമായി ബന്ധപ്പെട്ട് ’61/2024′ എന്ന ഒരു ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്. ഈ ഉത്തരവ് പ്രകാരം ട്രാഫിക് നിയമങ്ങളിലെ ആർട്ടിക്കിൾ 8, ആർട്ടിക്കിൾ 39-ലെ പാരഗ്രാഫ് 2, 5 എന്നിവ താഴെ പറയുന്ന പ്രകാരം ഭേദഗതി ചെയ്തിട്ടുണ്ട്.
വാഹനങ്ങളുടെ ഓപ്പറേറ്റിംഗ് ലൈസൻസ് സാധുത സംബന്ധിച്ച ആർട്ടിക്കിൾ 8 – വാഹനങ്ങളുടെ ഓപ്പറേറ്റിംഗ് ലൈസൻസ് സാധുത രെജിസ്ട്രേഷൻ തീയതി, അല്ലെങ്കിൽ റിന്യൂവൽ തീയതി മുതൽ ഒരു വർഷത്തേക്കായിരിക്കും; ഈ കാലാവധി ഉടമയുടെ അപേക്ഷ പ്രകാരം നീട്ടിനൽകുന്നതിനും (കൃത്യമായ ഇൻഷുറൻസ് അല്ലെങ്കിൽ വാഹനം ഓരോ വർഷവും ആർട്ടിക്കിൾ 39 വ്യവസ്ഥ ചെയ്യുന്നത് പോലെ പരിശോധനകൾക്ക് വിധേയമാക്കിക്കൊണ്ട്) വ്യവസ്ഥയുണ്ടായിരിക്കുന്നതാണ്. കാർഷിക ആവശ്യങ്ങൾക്കുള്ള ട്രാക്ടറുകളുടെ ഓപ്പറേറ്റിംഗ് ലൈസൻസുകളെ ഈ കാലാവധി സംബന്ധിച്ച വ്യവസ്ഥകളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
വാഹനങ്ങൾ സാങ്കേതിക പരിശോധനകൾക്ക് വിധേയമാക്കുന്നത് സംബന്ധിച്ച ആർട്ടിക്കിൾ 39-ലെ പാരഗ്രാഫ് 2, 5 – താഴെ പറയുന്ന വാഹനങ്ങളുടെ ഓപ്പറേറ്റിംഗ് ലൈസൻസ് രെജിസ്ട്രേഷൻ, റിന്യൂവൽ എന്നിവയുടെ അവസരങ്ങളിൽ സാങ്കേതിക പരിശോധന നടത്തുന്നതാണ്:
- A – കൊമേർഷ്യൽ ആവശ്യങ്ങൾക്കായുള്ള എല്ലാ വാഹനങ്ങൾക്കും ബാധകം. പത്ത് വർഷത്തിൽ താഴെ പഴക്കമുള്ളതും, പരസ്യം ചെയ്യുന്നതിന് ഉപയോഗിക്കാത്തതുമായ ചെറു ട്രക്കുകൾ (പിക്ക്-അപ്പുകൾ), ലൈറ്റ് പാസഞ്ചർ വാഹനങ്ങൾ എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്.
- B – ഹെവി ഗവർന്മെന്റ് വാഹനങ്ങൾ.
- C – ടാക്‌സികൾ, ഡ്രൈവിംഗ് സ്‌കൂൾ കാറുകൾ.
- D – വിവിധ തരം ബസുകൾ.
- E – പത്ത് വർഷത്തിൽ കൂടുതൽ പഴക്കമുള്ള കാറുകൾ, സൈക്കിളുകൾ.
- F – പത്ത് വർഷത്തിൽ കൂടുതൽ പഴക്കമുള്ള ചെറു ട്രക്കുകൾ (പിക്ക്-അപ്പുകൾ), ലിമിറ്റഡ് യൂസ് വാഹനങ്ങൾ.
“എഞ്ചിൻ മാറ്റിവെക്കൽ, വാഹനങ്ങളുടെ ബോഡി, കളർ, മറ്റു ഭാഗങ്ങൾ എന്നിവയിൽ മാറ്റം വരുത്തൽ എന്നിവ നടത്തുന്ന അവസരങ്ങളിൽ സാങ്കേതിക പരിശോധന നടത്തുന്നതാണ്.”, എന്ന ഭാഗം പാരഗ്രാഫ് 5-ൽ ചേർത്തിട്ടുണ്ട്.