സാമ്പത്തിക തട്ടിപ്പ് ലക്ഷ്യമിട്ട് കൊണ്ട് ഫോണുകളിൽ ലഭിക്കുന്ന സന്ദേശങ്ങളെക്കുറിച്ച് റോയൽ ഒമാൻ പോലീസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. 2022 ഒക്ടോബർ 2-നാണ് പോലീസ് ഇക്കാര്യം അറിയിച്ചത്.
ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതിനായി ഔദ്യോഗിക സ്ഥാപനങ്ങളുടെയും, ബാങ്കുകളുടെയും മുദ്രകളും, ലോഗോകളും ദുരുപയോഗം ചെയ്തു കൊണ്ട് തയ്യാറാക്കുന്ന ഇത്തരം സന്ദേശങ്ങളെക്കുറിച്ച് ജാഗ്രത പുലർത്താൻ പോലീസ് ജനങ്ങളോട് ആവശ്യപ്പെട്ടു. ഇത്തരം സന്ദേശങ്ങൾ ഉപഭോക്താക്കളുടെ പണം തട്ടിയെടുക്കുന്നതിനായി ലക്ഷ്യമിട്ടുള്ളതാണെന്നും, അതിനാൽ അവയ്ക്ക് ഇരയാകരുതെന്നും പോലീസ് ചൂണ്ടിക്കാട്ടി.
സുരക്ഷ മുൻനിർത്തി വ്യക്തികളുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതായി അറിയിച്ച് കൊണ്ടുള്ള ഇത്തരം സന്ദേശങ്ങൾ തട്ടിപ്പാണെന്നും, അതിനാൽ അവ തള്ളിക്കളയണമെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം സന്ദേശങ്ങളിൽ ആവശ്യപ്പെടുന്നത് പോലെ നിങ്ങളുടെ ബാങ്ക് അക്കൗണ്ട് സംബന്ധിച്ച വിവരങ്ങൾ ആരുമായും പങ്ക് വെക്കരുതെന്ന് പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇത്തരം സന്ദേശങ്ങൾക്ക് മറുപടിയായി ബാങ്ക് വിവരങ്ങൾ പങ്ക് വെക്കുന്നവർക്ക് തങ്ങളുടെ അക്കൗണ്ടിലെ പണം നഷ്ടപ്പെടുന്നതിനും, പണം ദുരുപയോഗം ചെയ്യപ്പെടുന്നതിനും സാധ്യതയുണ്ടെന്ന് പോലീസ് വ്യക്തമാക്കി.
പണമിടപാടുകൾ, ഓൺലൈൻ ഇടപാടുകൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട വൺ ടൈം പാസ്സ്‌വേർഡുകൾ (OTP) ഒരു കാരണവശാലും അപരിചിതരുമായി പങ്ക് വെക്കരുതെന്ന് റോയൽ ഒമാൻ പോലീസ് പൊതുജനങ്ങൾക്ക് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
ബാങ്ക് കാർഡ് സംബന്ധമായ വിവരങ്ങൾ ആവശ്യപ്പെട്ടു കൊണ്ട് ഫോണിലൂടെ ബന്ധപ്പെടുന്നവരുമായി ഇത്തരം വിവരങ്ങൾ പങ്ക് വെക്കരുതെന്നും പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.