പ്രവാസികൾക്ക് പുതിയ തൊഴിൽ വിസകൾ അനുവദിക്കുന്നതിനുള്ള നടപടികൾ റോയൽ ഒമാൻ പോലീസ് പുനരാരംഭിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. റോയൽ ഒമാൻ പൊലീസിലെ (ROP) ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് കൊണ്ടാണ് മാധ്യമങ്ങൾ ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്.
കൊറോണ വൈറസ് സാഹചര്യത്തിൽ പുതിയ റെസിഡൻസി വിസകൾ അനുവദിക്കുന്നത് കഴിഞ്ഞ എട്ട് മാസത്തോളമായി ഒമാൻ നിർത്തിവെച്ചിരിക്കുകയായിരുന്നു. ഇതിൽ മാറ്റം വരുത്തിയതായും, പുതിയ വർക്ക് വിസകൾ അനുവദിക്കുന്നതിനായുള്ള അപേക്ഷകൾ സ്വീകരിച്ച് തുടങ്ങിയതായുമാണ് ROP വക്താവ് സൂചിപ്പിക്കുന്നത്. മഹാമാരിയുടെ വ്യാപനത്തിനു മുൻപ് ഇത്തരം അപേക്ഷകളിൽ സ്വീകരിച്ചിരുന്ന അതെ മാനദണ്ഡങ്ങളും, നടപടികളുമാണ് ഇവ അനുവദിക്കുന്നതിനായി കൈകൊള്ളുന്നതെന്നതെന്നാണ് ലഭിക്കുന്ന വിവരം.
സനദ് സേവന കേന്ദ്രങ്ങളിലൂടെയും, ROP വെബ്സൈറ്റിലൂടെയും പുതിയ വിസകൾക്കായുള്ള അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. പുതിയ ബിസിനസ്, ഫാമിലി വിസകൾ അനുവദിക്കുന്നതിനുള്ള നടപടികൾ നേരത്തെ ROP പുനരാരംഭിച്ചിരുന്നു.