ദുബായ്: വെൻഡിങ് മെഷിനുകളിൽ നിന്നുള്ള ഏറ്റവും ചുരുങ്ങിയ നോൾ കാർഡ് ടോപ്-അപ്പ് നിരക്ക് 20 ദിർഹമാക്കുന്നു

GCC News

2025 മാർച്ച് 1 മുതൽ ദുബായ് മെട്രോ സ്റ്റേഷനുകളിൽ സ്ഥാപിച്ചിട്ടുള്ള ടിക്കറ്റ് വെൻഡിങ് മെഷിനുകൾ ഉപയോഗിച്ചുള്ള ഏറ്റവും ചുരുങ്ങിയ നോൾ കാർഡ് ടോപ്-അപ്പ് നിരക്ക് 20 ദിർഹമാക്കി ഉയർത്താൻ തീരുമാനിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.

2025 ഫെബ്രുവരി 25-നാണ് RTA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ടിക്കറ്റ് വെൻഡിങ് മെഷിനുകൾ ഉപയോഗിച്ച് നോൾ കാർഡ് ടോപ്-അപ്പ് ചെയ്യുന്നതിന് ബാധകമാക്കിയിരുന്ന ഏറ്റവും ചുരുങ്ങിയ തുക നേരത്തെ അഞ്ച് ദിർഹം ആയിരുന്നു.

മെട്രോ സ്റ്റേഷനുകളിലെ ടിക്കറ്റിങ് ഓഫീസുകളിൽ നിന്ന് നോൾ കാർഡുകൾ ടോപ്-അപ്പ് ചെയ്യുന്നതിന് ബാധകമാക്കിയിരുന്ന ഏറ്റവും ചുരുങ്ങിയ തുക 2024 ഓഗസ്റ്റ് 17 മുതൽ RTA 50 ദിർഹമാക്കി ഉയർത്തിയിരുന്നു.

ഓൺലൈൻ സംവിധാനങ്ങളിലൂടെ നോൾ കാർഡുകൾ ടോപ്-അപ്പ് ചെയ്യുന്നതിന് ഈ പുതുക്കിയ നിരക്കുകൾ ബാധകമല്ലെന്ന് RTA വ്യക്തമാക്കിയിട്ടുണ്ട്.