ദുബായ് – അൽ ഐൻ റോഡിൽ ഭാഗിക ഗതാഗത നിയന്ത്രണം

GCC News

ദുബായ് – അൽ ഐൻ റോഡിൻറെ വിവിധ മേഖലകളിൽ 2025 ജൂൺ 26 വരെ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. 2025 ജൂൺ 14-നാണ് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) ഇക്കാര്യം അറിയിച്ചത്.

മേഖലയിൽ നടക്കുന്ന റോഡ് അറ്റകുറ്റപ്പണികളുടെ പശ്ചാത്തലത്തിലാണ് ഈ നിയന്ത്രണം. ഇതിനാൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് RTA ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

2025 ജൂൺ 13 മുതൽ 26 വരെയാണ് ഈ ഭാഗിക ഗതാഗത നിയന്ത്രണം. ഇതുമായി ബന്ധപ്പെട്ട് താഴെ പറയുന്ന കാര്യങ്ങളാണ് RTA അറിയിച്ചിരിക്കുന്നത്:

  • ദുബായ് – അൽ ഐൻ റോഡിൽ (E66) ദുബായിലേക്കുള്ള ദിശയിൽ ജെബേൽ അലി – ലെഹ്‌ബാബ് റോഡുമായുള്ള (E77) ഇന്റർസെക്ഷനിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടാൻ സാധ്യതയുണ്ട്.
  • ദുബായ് – അൽ ഐൻ റോഡിൽ നിന്ന് ജെബേൽ അലി – ലെഹ്‌ബാബ് റോഡിലേക്കുള്ള എക്സിറ്റ് (അൽ ഐനിൽ നിന്ന് ജെബേൽ അലിയിലേക്കുള്ള) താത്കാലികമായി അടയ്ക്കുന്നതാണ്. പകരമായി E66-ലുള്ള അടുത്ത എക്സിറ്റ് ഉപയോഗിക്കേണ്ടതാണ്.
  • ജെബേൽ അലി – ലെഹ്‌ബാബ് റോഡിൽ നിന്ന് ദുബായ് – അൽ ഐൻ റോഡിലേക്കുള്ള എക്സിറ്റ് (ജെബേൽ അലിയിൽ നിന്ന് ദുബായിലേക്കുള്ള) താത്കാലികമായി അടയ്ക്കുന്നതാണ്. പകരമായി E77-ലുള്ള അടുത്ത എക്സിറ്റ് ഉപയോഗിക്കേണ്ടതാണ്.