ഉപഭോക്താക്കൾക്ക് വിവിധ സേവനങ്ങൾ നൽകുന്നതിനായി എമിറേറ്റിൽ രണ്ട് പുതിയ സ്മാർട്ട് കസ്റ്റമർ ഹാപ്പിനസ് സെന്ററുകൾ തുറന്നതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. 2023 മെയ് 7-നാണ് RTA ഇക്കാര്യം അറിയിച്ചത്.
അൽ മനാര, അൽ കിഫാഫ് എന്നിവിടങ്ങളിലാണ് ഈ പുതിയ സ്മാർട്ട് കസ്റ്റമർ ഹാപ്പിനസ് സെന്ററുകൾ ഉദ്ഘാടനം ചെയ്തിരിക്കുന്നത്. ഈ രണ്ട് കേന്ദ്രങ്ങളിൽ നിന്നായി ഉപഭോക്താക്കൾക്ക് സ്മാർട്ട് ഡിവൈസുകളിലൂടെ, സ്വയമേവ പ്രവർത്തിക്കുന്ന രീതിയിൽ വിവിധ സേവനങ്ങൾ ലഭ്യമാകുന്നതാണ്.
ഇതിനായി ഈ കേന്ദ്രങ്ങളിൽ സ്മാർട്ട് കിയോസ്കുകൾ, അധികൃതരുമായി വീഡിയോകാളിലൂടെ സംവദിക്കുന്നതിനുള്ള സൗകര്യം, ഇതിന്റെ ഭാഗമായുള്ള പ്രത്യേക വെബ്സൈറ്റ്, ആപ്പ് മുതലായവ ഒരുക്കിയിട്ടുണ്ട്.
ഡിജിറ്റൽ നയത്തിന്റെ ഭാഗമായാണ് ഈ രണ്ട് കസ്റ്റമർ ഹാപ്പിനസ് കേന്ദ്രങ്ങളും പൂർണ്ണമായും സ്മാർട്ട് സംവിധാനങ്ങളിൽ പ്രവർത്തിക്കുന്ന രീതിയിലേക്ക് മാറ്റിയതെന്ന് RTA ബോർഡ് ചെയർമാൻ H.E. മതർ അൽ തയർ വ്യക്തമാക്കി. മറ്റു കസ്റ്റമർ ഹാപ്പിനസ് കേന്ദ്രങ്ങളും സ്മാർട്ട് രീതിയിലേക്ക് മാറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിന്റെ ഭാഗമായി അൽ തവറിലെ കസ്റ്റമർ ഹാപ്പിനസ് സെന്റർ ഈ വർഷം പകുതിയോടെ സ്മാർട്ട് കസ്റ്റമർ ഹാപ്പിനസ് സെന്ററാക്കി മാറ്റുന്നതാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഉം റമൂലിൽ പ്രവർത്തിക്കുന്ന കസ്റ്റമർ ഹാപ്പിനസ് സെന്റർ 2024-ലിൽ സ്മാർട്ട് സംവിധാനങ്ങളിലേക്ക് മാറ്റുന്നതാണ്. ദെയ്റ, അൽ ബർഷ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന കസ്റ്റമർ ഹാപ്പിനസ് സെന്ററുകൾ 2025-ൽ ഇത്തരത്തിൽ സ്മാർട്ട് സംവിധാനത്തിലേക്ക് മാറ്റുന്നതാണ്.
Cover Image: WAM.