ദുബായിലെ എക്സ്പോ 2020 വേദിയിൽ ഡ്രൈവറില്ലാത്ത സ്വയംനിയന്ത്രിത വാഹനത്തിന്റെ പരീക്ഷണാടിസ്ഥാനത്തിലുള്ള പ്രവർത്തനം ആരംഭിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു. വേദിയുടെ പ്രധാന പ്രവേശന കവാടത്തിൽ നിന്ന് മുൻകൂട്ടി നിശ്ചയിച്ച ഒരു പാതയിലൂടെ ആളുകളെ ഓഫീസുകളിലേക്ക് എത്തിക്കാനായാണ് ഈ സ്വയംനിയന്ത്രിത വാഹനം ഉപയോഗിക്കുക.
പരിസ്ഥിതി സൗഹൃദ മാതൃകകളുടെ പ്രോത്സാഹനം ലക്ഷ്യമിട്ടുള്ള ഈ പരീക്ഷണം, RTA ഭാവിയിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന സ്വയംനിയന്ത്രിത വാഹന നയത്തിന്റെ ഭാഗമായുള്ളതാണ്. ദുബായിലെ 25% ഗതാഗതമെങ്കിലും 2030-ഓടെ ഡ്രൈവറില്ലാത്ത സ്വയംനിയന്ത്രിത മാർഗ്ഗങ്ങളിലൂടെയാക്കുകയാണ് ഈ നയത്തിലൂടെ ഉദ്ദേശിക്കുന്നത്. ഭാവിയിലെ ഗതാഗത രംഗത്ത്, പ്രത്യേകിച്ചും പൊതുഗതാഗത സംവിധാനങ്ങളിൽ, ഇത്തരം സ്വയംനിയന്ത്രിത വാഹനങ്ങളെ സുരക്ഷിതമായതും സുസ്ഥിരമായതുമായ മാർഗങ്ങളായാണ് കരുതുന്നത്.
നിലവിൽ ദുബായിലെ പലയിടങ്ങളിലും RTA സ്വയംനിയന്ത്രിത വാഹനങ്ങൾ പരീക്ഷിക്കുന്നുണ്ട്. എക്സ്പോ 2020 വേദിയിലെ ഈ വാഹനത്തിന്റെ പരീക്ഷണം മൂന്നു മാസത്തേക്കാണ് നിലവിൽ നടപ്പിലാക്കുന്നത്. ഈ കാലയളവിൽ ഈ വാഹനത്തിന്റെ സ്വയം നിയന്ത്രണ സംവിധാനങ്ങളെക്കുറിച്ചും, സുരക്ഷാ സംവിധാനങ്ങളെക്കുറിച്ചും RTA വിശദമായി വിലയിരുത്തും.