രണ്ട് ദുബായ് മെട്രോ സ്റ്റേഷനുകൾ പുനര്‍നാമകരണം ചെയ്യാൻ തീരുമാനിച്ചതായി RTA

UAE

ദുബായ് മെട്രോയുടെ റെഡ് ലൈനിലെ രണ്ട് സ്റ്റേഷനുകളുടെ പേരുകളിൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. ഓഗസ്റ്റ് 4-ന് വൈകീട്ടാണ് RTA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരം അൽ ജഫ്‌ലിയ സ്റ്റേഷൻ ‘മാക്സ് ഫാഷൻ’ എന്നും, അൽ റഷ്ദിയാ സ്റ്റേഷൻ ‘സെന്റർപോയിന്റ്’ എന്നും പുനര്‍നാമകരണം ചെയ്തതായാണ് RTA അറിയിച്ചിരിക്കുന്നത്. ദുബായിലെ പ്രധാന ഇടങ്ങളുമായി ബന്ധപ്പെടുത്തി വാണിജ്യ ബ്രാൻഡുകൾക്ക് തങ്ങളുടെ പേരുകൾ ഉപയോഗിക്കാൻ അവസരം നൽകുന്ന നയത്തിന്റെ ഭാഗമായാണ് ഈ തീരുമാനം. ലാൻഡ്മാർക്ക് ഗ്രൂപ്പിനാണ് ഈ രണ്ട് മെട്രോ സ്റ്റേഷനുകൾ പുനര്‍നാമകരണം ചെയ്യുന്നതിനുള്ള അനുമതി RTA നൽകിയിരിക്കുന്നത്.

2021 ഓഗസ്റ്റ് 4 മുതൽ ഒക്ടോബർ 10 വരെയുള്ള കാലയളവിനുള്ളിൽ ഈ മെട്രോ സ്റ്റേഷനുകളുടെ പുതിയ പേരുകൾ സംബന്ധിച്ച് ഔട്ഡോർ സൈൻബോർഡുകൾ, ഇലക്ട്രോണിക് സംവിധാനങ്ങൾ, മെട്രോയ്ക്കകത്തുള്ള അറിയിപ്പ് മുതലായവയിൽ മാറ്റങ്ങൾ വരുത്തുന്നതാണ്.