ഗ്ലോബൽ വില്ലേജിലേക്ക് സർവീസ് നടത്തുന്ന നാല് ബസ് റൂട്ടുകളുടെ സേവനം ഒക്ടോബർ 25 മുതൽ പുനരാരംഭിക്കുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. ഗ്ലോബൽ വില്ലേജിന്റെ ഇരുപത്തഞ്ചാം സീസൺ ഒക്ടോബർ 25 മുതലാണ് ആരംഭിക്കുന്നത്.
ഗ്ലോബൽ വില്ലേജിനകത്ത് ടൂറിസ്റ്റുകൾക്കായുള്ള ഇലക്ട്രിക്ക് അബ്ര (പരമ്പരാഗത ബോട്ട്) സേവനങ്ങളും ഒക്ടോബർ 25 മുതൽ പുനരാരംഭിക്കുമെന്ന് RTA അറിയിച്ചിട്ടുണ്ട്. സന്ദർശകരുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി ബസ് സ്റ്റേഷനുകളിലും, ബസുകളിലും കർശനമായ മുൻകരുതൽ നടപടികളോടെയായിരിക്കും സർവീസുകൾ നടപ്പിലാക്കുന്നതെന്ന് RTA വ്യക്തമാക്കി.
താഴെ പറയുന്ന നാല് ബസ് റൂട്ടുകളാണ് ഗ്ലോബൽ വില്ലേജിലേക്ക് ഒക്ടോബർ 25 മുതൽ പുനരാരംഭിക്കുന്നത്:
- റാഷിദിയ മെട്രോ സ്റ്റേഷനിൽ നിന്നുള്ള റൂട്ട് 102.
- യൂണിയൻ മെട്രോ സ്റ്റേഷനിൽ നിന്നുള്ള റൂട്ട് 103.
- അൽ ഗുബൈബ ബസ് സ്റ്റേഷനിൽ നിന്നുള്ള റൂട്ട് 104.
- മാൾ ഓഫ് എമിറേറ്റ്സ് മെട്രോ സ്റ്റേഷനിൽ നിന്നുള്ള റൂട്ട് 106.
ഗ്ലോബൽ വില്ലേജിലേക്കുള്ള യാത്രികർക്കായി ഇത്തവണ ഡീലക്സ് വോൾവോ ബസുകളാണ് ഉപയോഗിക്കുന്നതെന്ന് RTA CEO അഹ്‌മദ് ഹാഷിം ബഹ്റോസ്യാൻ അറിയിച്ചു. വില്ലേജിലെത്തുന്ന സന്ദർശകർക്കായി മൂന്ന് ഇലക്ട്രിക്ക് അബ്രകളുടെ സേവനം ഉണ്ടായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിനോദങ്ങളുടെയും, ഷോപ്പിങ്ങിന്റെയും മായികലോകം തീർക്കുന്ന ഗ്ലോബൽ വില്ലേജിന്റെ 2020-2021 സീസൺ 2020 ഒക്ടോബർ 25 മുതൽ ഏപ്രിൽ 2021 വരെ നീണ്ട് നിൽക്കും.