ഗ്ലോബൽ വില്ലേജിലേക്ക് സർവീസ് നടത്തുന്ന നാല് ബസ് റൂട്ടുകളുടെ സേവനം 2022 ഒക്ടോബർ 25 മുതൽ പുനരാരംഭിക്കുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. 2022 ഒക്ടോബർ 20-നാണ് RTA ഇക്കാര്യം അറിയിച്ചത്.
ഗ്ലോബൽ വില്ലേജിന്റെ ഇരുപത്തേഴാം സീസൺ 2022 ഒക്ടോബർ 25 മുതൽ ആരംഭിക്കുന്ന സാഹചര്യത്തിലാണ് സന്ദർശകർക്കും, വിനോദസഞ്ചാരികൾക്കും യാത്രാ സേവനങ്ങൾ നൽകുന്നതിനായി RTA ഈ ബസ് സർവീസുകൾ പുനരാരംഭിക്കുന്നത്. താഴെ പറയുന്ന നാല് ബസ് റൂട്ടുകളാണ് ഗ്ലോബൽ വില്ലേജിലേക്ക് പുനരാരംഭിക്കുന്നത്:
- റാഷിദിയ സ്റ്റേഷനിൽ നിന്നുള്ള റൂട്ട് 102. (60 മിനിറ്റ് ഇടവേളയിൽ)
- യൂണിയൻ സ്റ്റേഷനിൽ നിന്നുള്ള റൂട്ട് 103. (40 മിനിറ്റ് ഇടവേളയിൽ)
- അൽ ഗുബൈബ ബസ് സ്റ്റേഷനിൽ നിന്നുള്ള റൂട്ട് 104. (60 മിനിറ്റ് ഇടവേളയിൽ)
- മാൾ ഓഫ് എമിറേറ്റ്സ് ബസ് സ്റ്റേഷനിൽ നിന്നുള്ള റൂട്ട് 106. (60 മിനിറ്റ് ഇടവേളയിൽ)
ഗ്ലോബൽ വില്ലേജ് റൂട്ടിൽ 10 ദിർഹമാണ് യാത്രികരിൽ നിന്ന് ഒരു ട്രിപ്പിന് ഈടാക്കുന്നത്. ഈ റൂട്ടിൽ സാധാരണ ബസുകൾക്ക് പുറമെ ഡീലക്സ് കോച്ചുകളും സർവീസ് നടത്തുന്നതാണ്.
ഗ്ലോബൽ വില്ലേജിന്റെ പുതിയ സീസൺ 2022 ഒക്ടോബർ 25 മുതൽ പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കുമെന്ന് അധികൃതർ നേരത്തെ അറിയിച്ചിരുന്നു.
ഗ്ലോബൽ വില്ലേജിന്റെ ഇരുപത്തേഴാം സീസണിൽ അതിഥികൾക്കായി കൂടുതൽ മികച്ച ആകർഷണങ്ങളും, സേവനങ്ങളും ഉൾപ്പെടുത്തുമെന്ന് സംഘാടകർ വ്യക്തമാക്കിയിട്ടുണ്ട്.
അതിഥികൾക്ക് ആകാശത്ത് നിന്നുള്ള മനോഹര കാഴ്ച്ചാനുഭവങ്ങൾ ആസ്വദിക്കുന്നതിനുള്ള അവസരം ഒരുക്കുന്ന ‘ഗ്ലോബൽ വില്ലേജ് ബിഗ് ബലൂൺ’ എന്ന ഹീലിയം ബലൂൺ ഇത്തവണത്തെ മേളയിലെ പ്രധാന ആകർഷണങ്ങളിലൊന്നാണ്.