ചെന്നൈ : പ്രാർത്ഥനകൾക്കും, പ്രതീക്ഷകൾക്കും അവസാനം ആസ്വാദകരുടെ ഹൃദയം നനച്ചുകൊണ്ട് ആ നാദപ്രഭ അസ്തമിച്ചു. ചെന്നൈ അരുമ്പാക്കം നെൽസൺമാണിക്കം റോഡിലുള്ള എം.ജി.എം. ആശുപത്രിയിൽ ചികിത്സയിലിരിക്കെ സെപ്റ്റംബർ 25, വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 1.04-ന് ആയിരുന്നു അന്ത്യം. COVID-19 രോഗബാധയുമായി ബന്ധപ്പെട്ട ശാരീരികാസ്വാസ്ഥ്യങ്ങളെ തുടർന്ന് ഓഗസ്റ്റ് 5 മുതൽ ഇദ്ദേഹം ചികിത്സയിലായിരുന്നു. തുടർന്ന് ആരോഗ്യ സ്ഥിതി അൽപ്പം മെച്ചപ്പെട്ടെങ്കിലും, കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായതായി ആശുപത്രി വൃത്തങ്ങൾ അറിയിക്കുകയായിരുന്നു.
തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, അസമീസ്, ഒറിയ, ബംഗാളി, ഹിന്ദി, സംസ്കൃതം, തുളു, മറാത്തി, പഞ്ചാബി തുടങ്ങി പതിനാറു ഭാഷകളിലായി 40,000 ൽ അധികം ഗാനങ്ങൾ അദ്ദേഹം ആലപിച്ചിട്ടുണ്ട്. ഏറ്റവുമധികം പാട്ടുകൾ റെക്കോർഡ് ചെയ്തതിന്റെ ഗിന്നസ് റെക്കോർഡ് എസ്.പി.ബാലസുബ്രഹ്മണ്യത്തിന്റെ പേരിലാണ്. 2001-ൽ പത്മശ്രീയും, 2011-ൽ പദ്മഭൂഷണും ലഭിച്ചു. തമിഴ്നാട് സർക്കാരിന്റെ കലൈമാമണി പുരസ്കാരം, കേരള സർക്കാരിന്റെ ഹരിവരാസനം പുരസ്കാരം, കർണാടക സർക്കാരിന്റെ കർണാടക രാജ്യോൽസവ അവാർഡ് എന്നിവ ലഭിച്ചു. പല സർവകലാശാലകളും ഓണററി ഡോക്ടറേറ്റ് നൽകി ആദരിച്ചിട്ടുണ്ട്.
വൈകിട്ട് നാലു മണിക്ക് മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകും. വീട്ടില്‍ 4.30 മുതല്‍ പൊതുദര്‍ശനം ഉണ്ടാകും. റെഡ്ഹില്‍സിന് സമീപത്തെ താമരെപ്പാക്കത്തായിരിക്കും സംസ്കാരം. ഭാര്യ: സാവിത്രി. മകന്: എസ്. പി. ബി. ചരണ്‍ (പ്രശസ്ത ഗായകനാണ്), മകൾ: പല്ലവി.