ഒമാൻ: ഡിസംബർ 5 മുതൽ അഞ്ച് ഇന്ത്യൻ നഗരങ്ങളിലേക്ക് വിമാനസർവീസുകൾ ആരംഭിക്കുന്നതായി സലാംഎയർ

featured GCC News

2023 ഡിസംബർ 5 മുതൽ കോഴിക്കോട്, തിരുവനന്തപുരം എന്നിവ ഉൾപ്പടെ അഞ്ച് ഇന്ത്യൻ നഗരങ്ങളിലേക്ക് വിമാനസർവീസുകൾ ആരംഭിക്കാൻ തീരുമാനിച്ചതായി സലാംഎയർ അറിയിച്ചു. 2023 നവംബർ 21-നാണ് സലാംഎയർ ഇക്കാര്യം അറിയിച്ചത്.

ഡിസംബർ അഞ്ച് മുതൽ കോഴിക്കോട്, തിരുവനന്തപുരം, ഹൈദരാബാദ്, ജയ്‌പൂർ, ലക്നൗ എന്നീ ഇന്ത്യൻ നഗരങ്ങളിലേക്കാണ് സലാംഎയർ നേരിട്ടുള്ള സർവീസ് ആരംഭിക്കുന്നത്. മസ്കറ്റിൽ നിന്നാണ് ഈ വിമാനങ്ങൾ സർവീസ് നടത്തുന്നത്.

ജയ്‌പൂർ, കോഴിക്കോട്, തിരുവനന്തപുരം, ലക്നൗ എന്നീ നഗരങ്ങളിലേക്ക് സലാംഎയർ നേരത്തെ സർവീസ് നടത്തിയിരുന്നു. എന്നാൽ 2023 ഒക്ടോബർ 1 മുതൽ സലാംഎയർ ഇന്ത്യയിലേക്കുള്ള എല്ലാ വിമാനസർവീസുകളും നിർത്തലാക്കിയിരുന്നു.