രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയ പട്ടികയിൽ നിന്ന് പതിനൊന്ന് രാജ്യങ്ങളെ ഒഴിവാക്കാൻ തീരുമാനിച്ചതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. യു എ ഇ, ജർമ്മനി, യു എസ് എ, അയർലണ്ട്, ഇറ്റലി, പോർട്ടുഗൽ, യു കെ, സ്വീഡൻ, സ്വിറ്റ്സർലൻഡ്, ജപ്പാൻ, ഫ്രാൻസ് എന്നീ രാജ്യങ്ങളെയാണ് സൗദി റെഡ് ലിസ്റ്റിൽ നിന്ന് ഒഴിവാക്കാൻ തീരുമാനിച്ചിരിക്കുന്നത്.
2021 മെയ് 30-ന് പുലർച്ചെ 1 മണി മുതൽ ഈ പതിനൊന്ന് രാജ്യങ്ങളിൽ നിന്ന് സൗദിയിലേക്ക് പ്രവേശനം അനുവദിക്കുന്നതാണ്. മെയ് 29-ന് വൈകീട്ടാണ് സൗദി ആഭ്യന്തര മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഈ രാജ്യങ്ങളിലെ COVID-19 സ്ഥിതിഗതികൾ വിശകലനം ചെയ്ത ശേഷമാണ് ഈ തീരുമാനം.
ഈ രാജ്യങ്ങളിൽ നിന്നുള്ള യാത്രികർക്ക് സൗദിയിൽ പ്രവേശിച്ച ശേഷം ഏഴ് ദിവസത്തെ ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ നിർബന്ധമാണ്. ഇതിന്റെ ചെലവ് യാത്രികർ വഹിക്കേണ്ടതാണ്. ഇവർ സൗദിയിൽ പ്രവേശിച്ച ശേഷം ഏഴാം ദിവസം PCR ടെസ്റ്റ് നടത്തേണ്ടതാണ്. ഈ പരിശോധനയിൽ നെഗറ്റീവ് ആകുന്നവർക്ക് പിറ്റേന്ന് മുതൽ ക്വാറന്റീൻ അവസാനിപ്പിക്കാവുന്നതാണ്.
ഇന്ത്യ ഉൾപ്പടെ 9 രാജ്യങ്ങളിൽ നിന്നുള്ള പ്രവേശന വിലക്ക് തുടരും
സൗദി അറേബ്യ 20 രാജ്യങ്ങളിൽ നിന്നുള്ള യാത്രികർക്കാണ് രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയിരുന്നത്. ഇതിൽ പതിനൊന്ന് രാജ്യങ്ങളെ മെയ് 30 മുതൽ ഈ പട്ടികയിൽ നിന്ന് ഒഴിവാക്കാൻ സൗദി തീരുമാനിച്ചിട്ടുണ്ട്. നിലവിലെ അറിയിപ്പ് പ്രകാരം, ഇന്ത്യ, അർജന്റീന, ഇന്തോനേഷ്യ, പാക്കിസ്ഥാൻ, ബ്രസീൽ, ടർക്കി, സൗത്ത് ആഫ്രിക്ക, ലെബനൻ, ഈജിപ്ത് എന്നീ രാജ്യങ്ങൾ റെഡ് ലിസ്റ്റിൽ തന്നെ തുടരുന്നതാണ്.