ഖത്തർ: അപകടങ്ങളുടെ ദൃശ്യങ്ങൾ അനധികൃതമായി പകർത്തുന്നവർക്ക് തടവും, പിഴയും ശിക്ഷയായി ലഭിക്കും

featured GCC News

രാജ്യത്ത് അപകടങ്ങളുടെ ദൃശ്യങ്ങൾ അനധികൃതമായി പകർത്തുന്നവർക്ക് തടവും, പിഴയും ശിക്ഷയായി ലഭിക്കുമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അനധികൃതമായി ഇത്തരം ദൃശ്യങ്ങൾ പകർത്തുന്നത് ഖത്തറിലെ വ്യക്തിനിയമങ്ങളുടെ ലംഘനമാണെന്നും, ഇത് നിയമനടപടികളിലേക്ക് നയിക്കാമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

പീനൽ കോഡിലെ ആർട്ടിക്കിൾ 333 പ്രകാരം, ഖത്തറിൽ മറ്റൊരു വ്യക്തിയുടെ സ്വകാര്യ ജീവിതത്തിലേക്ക് അനുവാദമില്ലാതെ കടന്ന് കയറുന്നത് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ഇത്തരം നിയമലംഘനങ്ങൾക്ക് പരമാവധി 2 വർഷം തടവും, 10000 റിയാൽ വരെ പിഴയും ശിക്ഷയായി ലഭിക്കുമെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.