കിംഗ് ഫഹദ് കോസ് വേയിലൂടെ COVID-19 വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിക്കാത്ത യാത്രികർക്കും സൗദി അറേബ്യയിലേക്ക് പ്രവേശനാനുമതി നൽകിയതായി അധികൃതർ വ്യക്തമാക്കി. 2022 മാർച്ച് 22-ന് രാത്രിയാണ് കിംഗ് ഫഹദ് കോസ് വേ അതോറിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ഈ അറിയിപ്പ് പ്രകാരം കിംഗ് ഫഹദ് കോസ് വേയിലൂടെ സൗദിയിലേക്ക് പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട താഴെ പറയുന്ന ഇളവുകളാണ് അതോറിറ്റി അറിയിച്ചിരിക്കുന്നത്:
- കിംഗ് ഫഹദ് കോസ് വേയിലൂടെ സൗദിയിലേക്ക് പ്രവേശിക്കുന്നവർക്ക് COVID-19 വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ ഹാജരാക്കുന്ന നടപടി ഒഴിവാക്കിയിട്ടുണ്ട്.
- യാത്ര പുറപ്പെടുന്നതിന് മുൻപ് നടത്തിയിട്ടുള്ള PCR/ റാപിഡ് ആന്റിജൻ പരിശോധനാ ഫലം ആവശ്യമില്ല.
- സൗദിയിലെത്തിയ ശേഷം PCR/ റാപിഡ് ആന്റിജൻ പരിശോധന ആവശ്യമില്ല.
- കിംഗ് ഫഹദ് കോസ് വേയിലൂടെ സൗദിയിലേക്ക് പ്രവേശിക്കുന്നവർക്ക് സൗദിയിലെത്തിയ ശേഷം ക്വാറന്റീൻ ആവശ്യമില്ല.
വിദേശത്ത് നിന്നെത്തുന്ന COVID-19 വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിക്കാത്ത യാത്രികർക്ക് രാജ്യത്തേക്ക് പ്രവേശിക്കാൻ 2022 മാർച്ച് 21-ന് സൗദി ആരോഗ്യ മന്ത്രാലയം അനുമതി നൽകിയ സാഹചര്യത്തിലാണ് ഇത്തരം ഒരു തീരുമാനം.