രാജ്യത്ത് കൊറോണ വൈറസ് വാക്സിൻ പരീക്ഷണങ്ങളുടെ മൂന്നാം ഘട്ടം ആരംഭിക്കുന്നതായി സൗദി ആരോഗ്യ മന്ത്രാലയം ഓഗസ്റ്റ് 8, ശനിയാഴ്ച്ച അറിയിച്ചു. ചൈനീസ് വാക്സിൻ നിർമ്മാണ കമ്പനിയായ കാൻസിനോ നിർമ്മിക്കുന്ന ‘Ad5-nCOV’ എന്ന COVID-19 വാക്സിനിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ ട്രയലാണ് സൗദിയിൽ നടത്തുന്നത്.
മൂന്നാം ഘട്ട പരീക്ഷണങ്ങളുടെ ഭാഗമായി 5000 ആരോഗ്യവാന്മാരായ സന്നദ്ധസേവകരെയാണ് സൗദിയിൽ വാക്സിൻ നൽകുന്നതിനായി തിരഞ്ഞെടുക്കുന്നത്. 18 വയസിനു മുകളിൽ പ്രായമുള്ള സന്നദ്ധസേവകരെ ഉൾപ്പെടുത്തുന്ന ഈ ക്ലിനിക്കൽ ട്രയലിനാവശ്യമായ നടപടികൾ ആരോഗ്യ മന്ത്രാലയം റിയാദ്, ദമ്മാം, മക്ക എന്നീ നഗരങ്ങളിൽ ആരംഭിച്ചിട്ടുണ്ട്.
സാധാരണ ജലദോഷത്തിനിടയാക്കുന്ന വൈറസിൽ മാറ്റങ്ങൾ വരുത്തിക്കൊണ്ട്, മനുഷ്യ ശരീരത്തിലേക്ക് കൊറോണ വൈറസിൽ നിന്നുള്ള ജനിതക ഘടകങ്ങൾ കടത്തിവിടുന്ന രീതിയിലാണ് കാൻസിനോ Ad5-nCOV വാക്സിൻ രൂപപ്പെടുത്തുന്നത്. ഈ വാക്സിനിന്റെ ആദ്യ രണ്ട് ഘട്ടം പരീക്ഷങ്ങൾ ചൈനയിൽ നേരത്തെ പൂർത്തിയാക്കിയിരുന്നു.
108 സന്നദ്ധസേവകരെ ഉൾപെടുത്തിയ ആദ്യ ഘട്ടം പരീക്ഷണം മാർച്ച് 16 മുതൽ 27 വരെയാണ് നടന്നത്. ഏപ്രിൽ 11 മുതൽ 16 വരെയുള്ള രണ്ടാം ഘട്ടം ക്ലിനിക്കൽ ട്രയലിൽ 603 സന്നദ്ധസേവകർ പങ്കെടുത്തു. ഈ പരീക്ഷണങ്ങളുടെ ഭാഗമായി സന്നദ്ധസേവകരുടെ ഇടയിൽ പാര്‍ശ്വഫലങ്ങളൊന്നും അനുഭവപ്പെട്ടിരുന്നില്ലെന്നും, സന്നദ്ധസേവകരിൽ ആന്റിബോഡിയുടെ സാന്നിധ്യം കണ്ടെത്തുകയുണ്ടായെന്നുമാണ് അധികൃതർ നൽകുന്ന വിവരം.