സൗദി അറേബ്യ: കിംഗ് സൽമാൻ ഇന്റർനാഷണൽ എയർപോർട്ടിന്റെ മാസ്റ്റർ പ്ലാൻ പുറത്തിറക്കി

GCC News

റിയാദിൽ നിർമ്മിക്കാനിരിക്കുന്ന, ലോകത്തെ ഏറ്റവും വലിയ വിമാനത്താവളമായ, കിംഗ് സൽമാൻ ഇന്റർനാഷണൽ എയർപോർട്ടിന്റെ മാസ്റ്റർ പ്ലാൻ സൗദി കിരീടാവകാശി പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ പുറത്തിറക്കി. 2022 നവംബർ 28-ന് വൈകീട്ടാണ് സൗദി പ്രസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

2030-ഓടെ ലോകത്തെ ഏറ്റവും വലിയ പത്ത് നഗര സമ്പദ്‌വ്യവസ്ഥകളിലൊന്നായി റിയാദിനെ മാറ്റുന്നതിനുള്ള സൗദി അറേബ്യയുടെ നയത്തിന്റെ ഭാഗമായാണ് ഈ വിമാനത്താവളം നിർമ്മിക്കുന്നത്. അമ്പത്തേഴ് ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ നിർമ്മിക്കുന്ന ഈ വിമാനത്താവളം റിയാദിനെ ആഗോള ചരക്ക് ഗതാഗതത്തിന്റെ കേന്ദ്രബിന്ദുവാക്കി മാറ്റുന്നതിനൊപ്പം ഈ മേഖലയിലെ ടൂറിസം, കച്ചവടം എന്നിവയുടെ വളർച്ചയിൽ പ്രധാന പങ്ക് വഹിക്കുന്നതാണ്.

റിയാദിൽ നിലവിലുള്ള കിംഗ് ഖാലിദ് ഇന്റർനാഷണൽ എയർപോർട്ടിനെ കൂടി ഉൾപ്പെടുത്തിക്കൊണ്ടാണ് കിംഗ് സൽമാൻ ഇന്റർനാഷണൽ എയർപോർട്ട് നിർമ്മിക്കുന്നതെന്നാണ് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിലവിലുള്ള് എയർപോർട്ടിന്റെ ടെർമിനലുകൾ ഉൾപ്പെടുത്തിക്കൊണ്ട് നിർമ്മിക്കുന്ന ഈ വിമാനത്താവളത്തിൽ ആറ് സമാന്തര റൺവേകൾ ഉണ്ടായിരിക്കുന്നതാണ്.

2030-ഓടെ നൂറ്റിഇരുപത് ദശലക്ഷം യാത്രികരെ ഉൾകൊള്ളുന്നതിനും, 2050-ഓടെ 185 ദശലക്ഷം യാത്രികരെ ഉൾകൊള്ളുന്നതിനുമാണ് ഈ എയർപോർട്ട് ലക്ഷ്യമിടുന്നത്.

Cover Image: Saudi Press Agency.