മക്കയിലെ ഗ്രാൻഡ് മോസ്ക്, മദീനയിലെ പ്രവാചകന്റെ പള്ളി എന്നിവിടങ്ങളിൽ സന്ദർശിക്കുന്നവർക്ക് നിർബന്ധമാക്കിയിരുന്ന COVID-19 വാക്സിനേഷൻ സ്റ്റാറ്റസ് പരിശോധന ഒഴിവാക്കിയതായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം സ്ഥിരീകരിച്ചു. 2022 മാർച്ച് 10-നാണ് ഹജ്ജ്, ഉംറ മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിക്കൊണ്ടുള്ള അറിയിപ്പ് നൽകിയത്.
രാജ്യത്തെ COVID-19 നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിച്ചതിന്റെ ഭാഗമായാണ് ഈ നടപടി. ഗ്രാൻഡ് മോസ്ക്, പ്രവാചകന്റെ പള്ളി എന്നിവിടങ്ങളിൽ സന്ദർശിക്കുന്നവർക്ക് ഏർപ്പെടുത്തിയിട്ടുള്ള പ്രവേശന നിയന്ത്രണങ്ങൾ ഒഴിവാക്കുന്നത് സംബന്ധിച്ച് പ്രാവർത്തികമാക്കിയിട്ടുള്ള പുതിയ തീരുമാനങ്ങൾ ഈ അറിയിപ്പിലൂടെ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
ഗ്രാൻഡ് മോസ്ക്, പ്രവാചകന്റെ പള്ളി എന്നിവിടങ്ങളിലെ പ്രവേശന നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് പ്രാബല്യത്തിൽ വന്നിട്ടുള്ള ഇളവുകൾ:
- മക്കയിലെ ഗ്രാൻഡ് മോസ്കിൽ പ്രാർത്ഥനകൾ നിർവഹിക്കുന്നതിന് മുൻകൂർ അനുമതികളോ, പെർമിറ്റോ ആവശ്യമില്ലെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം മാർച്ച് 5-ന് അറിയിച്ചിരുന്നു. എന്നാൽ ഉംറ പെർമിറ്റുകൾ തുടരുമെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
- ഗ്രാൻഡ് മോസ്ക്, പ്രവാചകന്റെ പള്ളി എന്നിവിടങ്ങളിലെ സാമൂഹിക അകലം സംബന്ധിച്ച നിയന്ത്രണങ്ങൾ ഒഴിവാക്കിയിട്ടുണ്ട്. മാസ്കുകളുടെ ഉപയോഗം നിർബന്ധമാക്കിയിട്ടുള്ളത് തുടരും.
- ഗ്രാൻഡ് മോസ്ക്, പ്രവാചകന്റെ പള്ളി എന്നിവിടങ്ങളിലെത്തുന്നവരുടെ COVID-19 രോഗപ്രതിരോധ ശേഷി തെളിയിക്കുന്നതിനുള്ള വാക്സിനേഷൻ സ്റ്റാറ്റസ് പരിശോധന ഒഴിവാക്കിയിട്ടുണ്ട്.
- നെഗറ്റീവ് PCR സർട്ടിഫിക്കറ്റ്/ റാപിഡ് ആന്റിജൻ റിസൾട്ട് എന്നിവ ഒഴിവാക്കിയിട്ടുണ്ട്.
- വിദേശത്ത് നിന്ന് ഉംറ പെർമിറ്റുകൾക്ക് അപേക്ഷിക്കുന്നവർക്ക് നിർബന്ധമാക്കിയിരുന്ന വാക്സിനേഷൻ സ്റ്റാറ്റസ് റെജിസ്ട്രേഷൻ ഒഴിവാക്കിയിട്ടുണ്ട്.
- വിദേശത്ത് നിന്നെത്തുന്ന തീർത്ഥാടകർക്ക് ഏർപ്പെടുത്തിയിരുന്ന ഇൻസ്റ്റിട്യൂഷണൽ, ഹോം ക്വാറന്റീൻ നിബന്ധനകൾ ഒഴിവാക്കിയിട്ടുണ്ട്.
രാജ്യത്തെ COVID-19 നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിക്കാൻ തീരുമാനിച്ചതായി സൗദി ആഭ്യന്തര മന്ത്രാലയം 2022 മാർച്ച് 5-ന് അറിയിച്ചിരുന്നു.