COVID-19: സൗദിയിൽ 4 മരണം; ജിദ്ദയിലേക്ക് പ്രവേശിക്കുന്നത് വിലക്കി

GCC News

സൗദി അറേബ്യയിൽ നാലു മരണവും 96 പുതിയ കൊറോണാ വൈറസ് കേസുകളും സ്ഥിരീകരിച്ചതായി മാർച്ച് 29, ഞായറാഴ്ച്ച ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ സൗദിയിൽ COVID-19 ബാധിതരുടെ എണ്ണം 1299 ആയി. ഇതുവരെ 8 പേർ കൊറോണാ വൈറസ് ബാധയെത്തുടർന്ന് രാജ്യത്ത് മരിച്ചിട്ടുണ്ട്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 68 പേർ മുൻപ് COVID-19 കണ്ടെത്തിയവരുമായി അടുത്തിടപഴകിയവരാണ്. ഇവർക്കെല്ലാം ആവശ്യമായ ആരോഗ്യ പരിചരണങ്ങൾ നല്കിവരുന്നതായും, രാജ്യത്ത് 12 രോഗബാധിതരുടെ ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുന്നതായും മന്ത്രാലയം കൂട്ടിച്ചേർത്തു. 28 പേർ കൂടി ആരോഗ്യം വീണ്ടെടുത്തിട്ടുണ്ട്. ഇതോടെ നിലവിൽ രോഗമുക്തവരായവരുടെ എണ്ണം 66 ആയി.

ജിദ്ദയിലേക്ക് പ്രവേശനം വിലക്കി

രാജ്യത്ത് COVID-19 കേസുകളുടെ എണ്ണത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയ വലിയ വർദ്ധനവിനെത്തുടർന്ന് ജിദ്ദയിലേക്കും പുറത്തേക്കുമുള്ള എല്ലാ യാത്രകളും സൗദി വിലക്കിയിട്ടുണ്ട്. നിലവിൽ ഗൾഫ് മേഖലയിൽ ഏറ്റവും അധികം COVID-19 കേസുകൾ സൗദിയിൽ നിന്നാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

രാജ്യത്ത് വൈകീട്ട് 7 മണി മുതൽ ആരംഭിക്കുന്ന കർഫ്യു ഇവിടെ വൈകീട്ട് 3 മുതലാക്കിയിട്ടുണ്ട്. ഇതേ രീതിയിൽ വ്യാഴാഴ്ച്ച റിയാദിലേക്കും, മക്കയിലേക്കും, മദീനയിലേക്കും പ്രവേശന വിലക്കുകൾ ഏർപെടുത്തിയിരുന്നു.