രണ്ട് തവണ ഉംറ തീർത്ഥാടനം അനുഷ്ഠിക്കുന്നതിന് ആഗ്രഹിക്കുന്നവർക്ക് ആദ്യ തീർത്ഥാടനത്തിന് ശേഷം പത്ത് ദിവസത്തെ കാത്തിരിപ്പ് നിബന്ധന ഏർപ്പെടുത്തിയതായി സൗദി ഹജ്ജ് മന്ത്രാലയം വ്യക്തമാക്കി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
രാജ്യത്ത് വീണ്ടും COVID-19 വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ഈ നിയന്ത്രണം തിരികെ ഏർപ്പെടുത്തിയിരിക്കുന്നത്. COVID-19 മഹാമാരിയെത്തുടർന്ന് മന്ത്രാലയം കഴിഞ്ഞ വർഷം ഉംറ തീർത്ഥാടനങ്ങൾക്കിടയിൽ ഇത്തരത്തിൽ 14 ദിവസത്തെ കാത്തിരിപ്പ് നിബന്ധന ഏർപ്പെടുത്തിയിരുന്നു.
രോഗവ്യാപനം കുറഞ്ഞതോടെ 2021 ഒക്ടോബർ അവസാനം ഈ നിബന്ധന മന്ത്രലായം ഒഴിവാക്കി നൽകിയിരുന്നു. എന്നാൽ നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത ശേഷം ഉംറ തീർത്ഥാടന ബുക്കിങ്ങിനായി ഇരു തീർത്ഥാടനങ്ങൾക്കിടയിൽ 10 ദിവസത്തെ കാത്തിരുപ്പ് കാലാവധി നിർബന്ധമാക്കാൻ കഴിഞ്ഞ ദിവസം മന്ത്രാലയം തീരുമാനിക്കുകയായിരുന്നു.