സൗദി അറേബ്യ: ആറ് മാസത്തിനിടയിൽ നാല് ദശലക്ഷം ഉംറ വിസകൾ അനുവദിച്ചു

GCC News

2022 ജൂലൈ 30 മുതൽ ആരംഭിച്ച ഇത്തവണത്തെ ഉംറ സീസണിൽ വിദേശത്ത് നിന്നുള്ള തീർത്ഥാടകർക്കായി ഇതുവരെ നാല് ദശലക്ഷത്തോളം വിസകൾ അനുവദിച്ചതായി സൗദി അധികൃതർ അറിയിച്ചു. 2022 ഡിസംബർ 11-നാണ് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

https://twitter.com/MoHU_En/status/1601947744612274177

വിദേശത്ത് നിന്നെത്തുന്ന ഉംറ തീർത്ഥാടകർക്ക് മികച്ച സൗകര്യങ്ങളോട് കൂടിയ സുഗമമായ തീർത്ഥാടനം ഉറപ്പ് വരുത്തുന്ന നയത്തിന്റെ ഭാഗമായാണ് ഈ നടപടി. വിസിറ്റ്, ടൂറിസം വിസകളിൽ സൗദിയിലേക്ക് പ്രവേശിക്കുന്നവർക്കും ഉംറ അനുഷ്ഠിക്കുന്നതിന് അധികൃതർ അനുമതി നൽകിയിട്ടുണ്ട്.

വിദേശത്ത് നിന്നെത്തുന്ന ഉംറ തീർത്ഥാടകർക്ക് സേവനങ്ങൾ നൽകുന്നതിനായി നൂറ്റിഅമ്പതോളം ഉംറ സർവീസ് കമ്പനികൾ സൗദിയിൽ പ്രവർത്തിക്കുന്നുണ്ട്. സൗദിയിലേക്ക് പ്രവേശിക്കുന്ന തീർത്ഥാടകർക്ക് സുഗമമായ തീർത്ഥാടനം നടത്തുന്നതിനും, രാജ്യത്ത് നിന്ന് തിരികെ മടങ്ങുന്നത് വരെയുള്ള വിവിധ സേവനങ്ങൾ നൽകുന്നതിനും ആവശ്യമായ എല്ലാ നടപടികളും ഉറപ്പ് വരുത്തുന്ന രീതിയിലാണ് ഈ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്.