COVID-19 വാക്‌സിൻ സ്വീകരിച്ചവർക്കായി ഡിജിറ്റൽ ഹെൽത്ത് പാസ്സ്‌പോർട്ടുമായി സൗദി അറേബ്യ

GCC News

രാജ്യത്ത് COVID-19 വാക്‌സിൻ സ്വീകരിച്ചവർക്കായുള്ള പ്രത്യേക ഡിജിറ്റൽ ഹെൽത്ത് പാസ്സ്‌പോർട്ട് സംവിധാനം സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ ‘Tawakkalna’ സ്മാർട്ട് ആപ്പിൽ പ്രയോഗക്ഷമമാക്കിയതായി അധികൃതർ വ്യക്തമാക്കി. ഓരോ വ്യക്തികളുടെയും കൊറോണ വൈറസ് വാക്സിനേഷൻ പങ്കാളിത്തവുമായി ബന്ധപ്പെട്ട വിവരങ്ങൾ ഈ ഡിജിറ്റൽ സംവിധാനത്തിൽ സൂക്ഷിക്കുന്നതാണ്. COVID-19 വൈറസിനെതിരെ വാക്സിൻ സ്വീകരിച്ച വ്യക്തിയാണെന്ന് തെളിയിക്കുന്നതിന് ഈ ഡിജിറ്റൽ ഹെൽത്ത് പാസ്സ്‌പോർട്ട് സംവിധാനം ഉപയോഗിക്കാവുന്നതാണ്.

ജനുവരി 7, വ്യാഴാഴ്ച്ചയാണ് ‘Tawakkalna’ സ്മാർട്ട് ആപ്പിൽ ഈ ഡിജിറ്റൽ ഹെൽത്ത് പാസ്സ്‌പോർട്ട് സംവിധാനം പ്രയോഗക്ഷമമാക്കിയത്. ഇത് സംബന്ധിച്ച വിവരങ്ങൾ സൗദി ആരോഗ്യ വകുപ്പ് മന്ത്രി ഡോ. തൗഫീഖ് അൽ റാബിയയാണ് അറിയിച്ചത്. റിയാദിൽ വെച്ച് COVID-19 വാക്സിൻ രണ്ടാം ഡോസ് കുത്തിവെപ്പ് സ്വീകരിച്ച ശേഷം നടത്തിയ പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇത് സംബന്ധിച്ച വിവരങ്ങൾ അറിയിച്ചത്.

അൽ റാബിയ, സൗദി ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റി (SDAIA) ചെയർമാൻ ഡോ. അബ്ദുല്ല അൽ ഘംതി എന്നിവർ സംയുക്തമായാണ് ഡിജിറ്റൽ ഹെൽത്ത് പാസ്സ്‌പോർട്ട് സംവിധാനം പൊതുജനങ്ങൾക്കായി സമർപ്പിച്ചത്. ഈ സംവിധാനത്തിലൂടെ സൗദി പൗരന്മാരും, നിവാസികളും COVID-19 വാക്സിനിന്റെ എല്ലാ ഡോസുകളും കൃത്യമായി സ്വീകരിച്ചു എന്നതും, വൈറസിനെതിരെ പ്രതിരോധശേഷി നേടി എന്നതും സ്ഥിരീകരിക്കാൻ സാധിക്കുന്നതാണ്.

കൊറോണ വൈറസ് പ്രതിരോധ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നത് തുടരാനും, വാക്സിനേഷനിൽ പങ്കാളികളാകാനും അൽ റാബിയ പൊതുജനങ്ങളോട് പത്രസമ്മേളനത്തിൽ ആഹ്വാനം ചെയ്തു. വാക്സിൻ കുത്തിവെപ്പ് ലഭിക്കുന്നതിനായി ഉടൻ രെജിസ്ട്രേഷൻ പൂർത്തിയാക്കാൻ ആവശ്യപ്പെട്ട അദ്ദേഹം, രാജ്യവ്യാപകമായി കൂടുതൽ വാക്‌സിനേഷൻ കേന്ദ്രങ്ങൾ ഉടൻ തന്നെ ആരംഭിക്കുമെന്നും വ്യക്തമാക്കി.