സൗദി: COVID-19 നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ; വാക്സിനെടുത്തവർക്ക് തുറന്ന ഇടങ്ങളിൽ മാസ്കുകൾ ഒഴിവാക്കാം

GCC News

രാജ്യത്തെ COVID-19 നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകാൻ സൗദി ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. സൗദിയിലെ പ്രതിദിന COVID-19 രോഗികളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം.

2021 ഒക്ടോബർ 17 മുതൽ ഈ ഇളവുകൾ പ്രാബല്യത്തിൽ വന്നിട്ടുണ്ട്. ഇതിന്റെ ഭാഗമായി COVID-19 സാഹചര്യത്തിൽ സൗദിയിൽ ഏർപ്പെടുത്തിയിട്ടുള്ള ഭൂരിഭാഗം നിയന്ത്രണങ്ങളും ഒഴിവാകുന്നതാണ്.

ഈ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സാമൂഹിക അകലം, മാസ്കുകളുടെ ഉപയോഗം തുടങ്ങിയവയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളിൽ ഇളവ് അനുവദിക്കാൻ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. ഒക്ടോബർ 17 മുതൽ താഴെ പറയുന്ന ഇളവുകളാണ് സൗദി ആഭ്യന്തര മന്ത്രാലയം നടപ്പിലാക്കിയിട്ടുള്ളത്:

  • COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയ വ്യക്തികൾക്ക്, രാജ്യത്തെ തുറന്ന പൊതു ഇടങ്ങളിൽ മാസ്കുകൾ ഒഴിവാക്കുന്നതിന് അനുമതി നൽകിയിട്ടുണ്ട്. എന്നാൽ അടഞ്ഞ പൊതു ഇടങ്ങളിൽ മാസ്കുകൾ നിർബന്ധമാണ്.
  • മക്ക, മദീന പള്ളികളുടെ പൂർണ്ണ ശേഷിയിൽ വിശ്വാസികളെ പ്രവേശിപ്പിക്കാൻ അനുമതി നൽകും. COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയ വ്യക്തികൾക്ക് ഉംറ ആപ്പ് ഉപയോഗിച്ച് ഇതിനായുള്ള അനുമതി നേടാവുന്നതാണ്. പള്ളികളിലെത്തുന്നവർക്ക് മാസ്കുകൾ നിർബന്ധമാണ്.
  • പൊതുഗതാഗത സംവിധാനങ്ങളിലെ സാമൂഹിക അകലം സംബന്ധിച്ച നിബന്ധനകൾ ഒഴിവാക്കും.
  • പൊതുഗതാഗത സംവിധാനങ്ങൾ, ഭക്ഷണശാലകൾ, സിനിമാശാലകൾ, പൊതു ചടങ്ങുകൾ എന്നിവയ്ക്ക് പൂർണ്ണശേഷിയിൽ പ്രവർത്തിക്കാൻ അനുമതി നൽകും. COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയ വ്യക്തികൾക്കാണ് ഇത്തരം ഇടങ്ങളിൽ പ്രവേശനം അനുവദിക്കുന്നത്.
  • വിവാഹ ഹാളുകൾക്ക് പൂർണ്ണ ശേഷിയിൽ പ്രവർത്തിക്കാം. ഇത്തരം വേദികളിലെ അടഞ്ഞ ഇടങ്ങളിൽ മാസ്കുകൾ ഉൾപ്പടെയുള്ള മുൻകരുതൽ നിബന്ധനകൾ പാലിക്കേണ്ടതാണ്.