സൗദി: ഉംറ തീർത്ഥാടനം ജൂലൈ 25 മുതൽ പുനരാരംഭിച്ചു

GCC News

ഹജ്ജ് തീർത്ഥാടനം വിജയകരമായി പൂർത്തിയായതോടെ, 2021 ജൂലൈ 25 മുതൽ ഉംറ തീർത്ഥാടകർക്ക് മക്കയിലെ ഗ്രാൻഡ് മോസ്കിലേക്ക് പ്രവേശനം നൽകി തുടങ്ങിയതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ഇത്തരത്തിൽ ഉംറ തീർത്ഥാടകരുടെ ആദ്യ സംഘം ജൂലൈ 25, ഞായറാഴ്ച്ച പുലർച്ചെ ഗ്രാൻഡ് മോസ്കിലെത്തിയതായി ഏജൻസി കൂട്ടിച്ചേർത്തു.

കർശനമായ COVID-19 സുരക്ഷാ നിബന്ധനകളോടെയാണ് ഉംറ തീർത്ഥാടനം അനുവദിക്കുന്നത്. ജനറൽ പ്രെസിഡെൻസി ഫോർ ദി അഫയേഴ്‌സ് ഓഫ് ദി ടു ഹോളി മോസ്‌ക്‌സിന്റെ നേതൃത്വത്തിൽ ഉംറ തീർത്ഥാടകരെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനുള്ള മുൻകരുതൽ നടപടികളോടെ ഗ്രാൻഡ് മോസ്കിലേക്ക് സ്വീകരിച്ചതായി സൗദി പ്രസ് ഏജൻസി അറിയിച്ചിട്ടുണ്ട്.

ഹജ്ജ് തീർത്ഥാടന കാലത്ത് ഉംറ പെർമിറ്റുകൾ അനുവദിക്കുന്ന നടപടികൾ താത്കാലികമായി നിർത്തിവെച്ചിരിക്കുകയായിരുന്നു. ഉംറ പെർമിറ്റുകൾ Itamarnah ആപ്പിലൂടെ ലഭ്യമാണെന്ന് സൗദി ഹജ്ജ് ആൻഡ് ഉംറ വകുപ്പ് ഡെപ്യൂട്ടി മന്ത്രി അബ്ദുൽ ഫത്താഹ് അൽ മഷ്‌ത് അറിയിച്ചിരുന്നു. ഉംറ തീർത്ഥാടനം പുനരാരംഭിക്കുന്നതിന്റെ ആദ്യ ഘട്ടത്തിൽ പ്രതിദിനം 20000 തീർത്ഥാടകർക്കാണ് അനുമതി നൽകുന്നത്. വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർക്കാണ് ഉംറ പെർമിറ്റുകൾ അനുവദിക്കുന്നത്.

Saudi Press Agency.