COVID-19 വൈറസിന്റെ പുതിയ വകഭേദം: 7 ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള വിമാനസർവീസുകൾ നിർത്തലാക്കിയതായി സൗദി അറേബ്യ

featured GCC News

ഏഴ് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സർവീസുകൾക്ക് ആഭ്യന്തര മന്ത്രാലയം വിലക്കേർപ്പെടുത്തിയതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. സൗത്ത് ആഫ്രിക്കയിൽ കണ്ടെത്തിയ COVID-19 വൈറസിന്റെ B.1.1.529 (ഒമിക്രോൺ) എന്ന പുതിയ വകഭേദത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തരം ഒരു തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.

2021 നവംബർ 26-ന് രാത്രിയാണ് സൗദി പ്രസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഈ തീരുമാന പ്രകാരം, സൗത്ത് ആഫ്രിക്ക, നമീബിയ, ബോട്സ്വാന, സിംബാബ്‌വെ, മൊസാമ്പിക്‌, ലെസോതോ, എസ്വതിനി എന്നീ രാജ്യങ്ങളിൽ നിന്ന് സൗദി അറേബ്യയിലേക്കും, തിരികെയുമുള്ള യാത്രാവിമാന സർവീസുകൾക്കാണ് താത്‌കാലിക വിലക്കേർപ്പെടുത്തിയിരിക്കുന്നത്.

ഈ രാജ്യങ്ങളിൽ നിന്നെത്തുന്നവർക്കും, ഈ രാജ്യങ്ങൾ സന്ദർശിച്ചിട്ടുള്ളവർക്കും, ഈ രാജ്യങ്ങളിലൂടെ ട്രാൻസിറ്റ് ചെയ്ത് എത്തുന്നവർക്കും ഈ വിലക്ക് ബാധകമാണ്. എന്നാൽ ഈ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സൗദി വിലക്കേർപ്പെടുത്തിയിട്ടില്ലാത്ത മറ്റൊരു രാജ്യത്ത് 14 ദിവസം താമസിച്ച ശേഷം പ്രത്യേക യാത്രാ നിബന്ധനകളോടെ സൗദി അറേബ്യയിലേക്ക് പ്രവേശനം അനുവദിക്കുന്നതാണ്. സൗദി പൗരന്മാർക്ക് അഞ്ച് ദിവസത്തെ ക്വാറന്റീനോടെ ഈ രാജ്യങ്ങളിൽ നിന്ന് സൗദിയിലേക്ക് പ്രവേശനാനുമതി നൽകിയിട്ടുണ്ട്.

2021 നവംബർ 29 മുതൽ ഈ രാജ്യങ്ങളിൽ നിന്നുള്ള വിമാനസർവീസുകൾ നിർത്തലാക്കാൻ തീരുമാനിച്ചതായി യു എ ഇ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.