വേൾഡ് കപ്പ് 2022: ഹയ്യ കാർഡ് കൈവശമുള്ളവർക്ക് സൗദി അറേബ്യ 60 ദിവസത്തെ പ്രത്യേക വിസ അനുവദിക്കുന്നു

featured GCC News

ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ടൂർണമെന്റ് കാണുന്നതിനുള്ള ഹയ്യ ഡിജിറ്റൽ കാർഡ് കൈവശമുള്ള ഫുട്ബോൾ ആരാധകർക്ക് ലോകകപ്പ് നടക്കുന്ന കാലയളവിൽ സൗദി അറേബ്യയിൽ പ്രവേശിക്കുന്നതിന് അനുമതി നൽകുന്ന പ്രത്യേക വിസ പദ്ധതിയെക്കുറിച്ച് സൗദി വിദേശകാര്യ മന്ത്രാലയം അറിയിപ്പ് നൽകി. 2022 ഓഗസ്റ്റ് 24-ന് രാത്രിയാണ് സൗദി വിദേശകാര്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

ഹയ്യ ഡിജിറ്റൽ കാർഡ് ഉള്ളവർക്ക് 60 ദിവസം വരെ സൗദിയിൽ തങ്ങുന്നതിന് അനുവാദം നൽകുന്ന രീതിയിലാണ് ഈ പ്രത്യേക എൻട്രി-വിസ അനുവദിക്കുന്നത്. 2022 നവംബർ, ഡിസംബർ മാസങ്ങളിലായാണ് ഖത്തറിൽ ലോകകപ്പ് മത്സരങ്ങൾ നടക്കുന്നത്.

താഴെ പറയുന്ന നിബന്ധനകൾ പ്രകാരമാണ് സൗദി അറേബ്യ ഈ വിസകൾ അനുവദിക്കുന്നത്:

  • ഹയ്യ ഡിജിറ്റൽ കാർഡ് കൈവശമുള്ളവർക്ക് ലോകകപ്പ് ആരംഭിക്കുന്നതിന് 10 ദിവസം മുൻപ് മുതലാണ് സൗദി അറേബ്യയിലേക്ക് പ്രവേശനം അനുവദിക്കുന്നത്.ഇവർക്ക് യൂണിഫൈഡ് നാഷണൽ പ്ലാറ്റ്ഫോം ഫോർ വിസാസ് സംവിധാനം ഉപയോഗിച്ച് ഇലക്ട്രോണിക് വിസ നേടാവുന്നതാണ്. ഇത്തരം വിസകൾക്ക് അപേക്ഷിക്കുന്നതിനുള്ള നടപടിക്രമങ്ങൾ മന്ത്രാലയം താമസിയാതെ പ്രഖ്യാപിക്കുന്നതാണ്.
  • ഇത്തരം എൻട്രി വിസകൾ ലഭിക്കുന്നവർക്ക് 60 ദിവസം വരെ സൗദി അറേബ്യയിൽ തുടരാവുന്നതാണ്.
  • ഇത്തരം വിസകളുള്ളവർക്ക് സൗദിയിൽ പ്രവേശിച്ച ശേഷം, വിസ കാലാവധി അവസാനിക്കുന്നതിന് മുൻപായി, ഒന്നിലധികം തവണ സൗദിയിൽ നിന്ന് മടങ്ങാവുന്നതും, തിരികെ പ്രവേശിക്കാവുന്നതുമാണ്.
  • സൗദി അറേബ്യയിലേക്ക് പ്രവേശിക്കുന്നതിന് മുൻപായി ഖത്തർ സന്ദർശിച്ചിരിക്കണം എന്ന നിബന്ധനയില്ല.
  • സൗദി അറേബ്യയിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് മെഡിക്കൽ ഇൻഷുറൻസ് എടുത്തിരിക്കണം.

ലോകകപ്പ് കാണുന്നതിനായി ഖത്തറിലേക്ക് പ്രവേശിക്കാൻ അനുമതി നൽകുന്ന ഔദ്യോഗിക എൻട്രി പെർമിറ്റാണ് ഹയ്യ ഡിജിറ്റൽ കാർഡ്. ലോകകപ്പ് കാണുന്നതിനായി ഖത്തറിലേക്ക് പ്രവേശിക്കുന്ന മുഴുവൻ സന്ദർശകരും ഹയ്യ ഡിജിറ്റൽ കാർഡിനായി അപേക്ഷിക്കേണ്ടതാണ്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ താഴെ നൽകിയിട്ടുള്ള വിലാസത്തിൽ ലഭ്യമാണ്.

ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 മത്സരങ്ങൾ നേരിട്ട് കാണുന്നതിന് ടിക്കറ്റ് നേടിയിട്ടുള്ള മുഴുവൻ പേർക്കും (പ്രവാസികൾ, സന്ദർശകർ, പൗരന്മാർ ഉൾപ്പടെ) ഹയ്യ ഡിജിറ്റൽ കാർഡ് നിർബന്ധമാണെന്നത് പ്രത്യേകം ഓർക്കേണ്ടതാണ്.