രാജ്യത്തെ വിദ്യാലയങ്ങളിൽ, നിലവിലെ അധ്യയന വർഷം അവസാനിക്കുന്നത് വരെ, വിദൂര പഠന രീതി തുടരാൻ തീരുമാനിച്ചതായി സൗദി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. 2021 ഫെബ്രുവരി 22-നാണ് വിദ്യാഭ്യാസ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
സൗദിയിലെ കൊറോണ വൈറസ് വ്യാപനം തടയുന്നതിനായുള്ള നടപടികളുടെ ഭാഗമായാണ് ഈ അധ്യയന വർഷം അവസാനിക്കുന്നത് വരെ വിദ്യാലയങ്ങളിൽ വിദൂര പഠന സമ്പ്രദായം നടപ്പിലാക്കുന്നതെന്ന് സൗദി വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ഹമദ് അൽ ഷെയ്ഖ് അറിയിച്ചു. വിദ്യാർത്ഥികളുടെയും, സ്‌കൂൾ ജീവനക്കാരുടെയും, പൊതു സമൂഹത്തിന്റെയും സുരക്ഷ മുൻനിർത്തിയാണ് ഇത്തരം ഒരു തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തെ പൊതു വിദ്യാഭ്യാസ മേഖലയിൽ, ഈ അദ്ധ്യയന വർഷത്തിലെ രണ്ടാം ഘട്ടത്തിലും വിദൂര പഠന സമ്പ്രദായം തുടരാൻ തീരുമാനിച്ചതായി സൗദി വിദ്യാഭ്യാസ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.