2020-2021 അധ്യയന വർഷത്തിലെ ആദ്യ പാദം അവസാനിക്കുന്നത് വരെ നിലവിലെ വിദൂര സമ്പ്രദായത്തിലുള്ള പഠനം തുടരാൻ തീരുമാനിച്ചതായി സൗദി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ഒക്ടോബർ 8, വ്യാഴാഴ്ച്ചയാണ് ഈ തീരുമാനത്തിന് മന്ത്രാലയം അംഗീകാരം നൽകിയത്.
രാജ്യത്തെ പൊതു വിദ്യാഭ്യാസ മേഖലയിലും, യൂണിവേഴ്‌സിറ്റികളിലും, സാങ്കേതിക വിദ്യാഭ്യാസ മേഖലയിലും ഈ തീരുമാനം ബാധകമായിരിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. നിലവിലെ സാഹചര്യത്തിൽ ഭൂരിപക്ഷം വിദ്യാർത്ഥികളും വിദൂര സമ്പ്രദായത്തിലുള്ള പഠനം തിരഞ്ഞെടുത്തതോടെയാണ് മന്ത്രലയം ഇത്തരം ഒരു തീരുമാനം കൈകൊണ്ടത്.
രാജ്യത്തെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബാധകമാകുന്ന ഒരു ഉത്തരവ് ഇത് സംബന്ധിച്ച് പുറത്തിറക്കിയതായി സൗദി വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ഹമദ് അൽ ഷെയ്ഖ് അറിയിച്ചു. രാജ്യത്തെ COVID-19 സാഹചര്യങ്ങൾ തുടർച്ചയായി വിലയിരുത്തിയ ശേഷമാണ് മന്ത്രലയം ഇത്തരം ഒരു തീരുമാനമെടുത്തതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നിലവിലെ സാഹചര്യത്തിൽ വിദൂര വിദ്യാഭ്യാസ രീതി തുടരുകയാണ് അഭികാമ്യം എന്ന നിഗമനത്തിൽ മന്ത്രാലയം എത്തിച്ചേർന്നതായി അദ്ദേഹം വ്യക്തമാക്കി.