സൗദി: 2022 ജനുവരി 1 മുതൽ ജ്വല്ലറികളിൽ 100 ശതമാനം സ്വദേശിവത്കരണം നടപ്പിലാക്കുമെന്ന് സൂചന

featured GCC News

രാജ്യത്തെ സ്വർണ്ണ വില്പനശാലകളിലും, സ്വർണ്ണാഭരണ വില്പനശാലകളിലും 2022 ജനുവരി 1 മുതൽ സമ്പൂർണ്ണ സ്വദേശിവത്കരണം നടപ്പിലാക്കാൻ തീരുമാനിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇത്തരം സ്ഥാപനങ്ങളിൽ 100 ശതമാനം സ്വദേശിവത്കരണം നടപ്പിലാക്കുന്നത് സംബന്ധിച്ച് സൗദി മിനിസ്ട്രി ഓഫ് ലേബർ ആൻഡ് സോഷ്യൽ ഡെവലപ്പ്മെന്റ് തീരുമാനം കൈക്കൊണ്ടതായാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

രാജ്യത്തെ ഇത്തരം സ്ഥാപനങ്ങളിൽ തൊഴിലെടുക്കുന്നവർക്ക് പ്രൊഫഷണൽ ലൈസൻസ് നിർബന്ധമാണെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം ജീവനക്കാർ ഈ തീരുമാനം പ്രാബല്യത്തിൽ വരുന്നതിന് മുൻപായി പ്രൊഫഷണൽ ലൈസൻസിനായി അപേക്ഷിച്ചിരിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

സൗദിയിലെ ആറായിരത്തോളം സ്വർണ്ണ വില്പനശാലകളിലായി ഏതാണ്ട് മുപ്പതിനായിരത്തോളം ജീവനക്കാർ തൊഴിലെടുക്കുന്നതായി മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. സൗദി പൗരന്മാരുടെ പേരിൽ പ്രവാസികൾ ഇത്തരം സ്ഥാപനങ്ങൾ നടത്തുന്നത് തടയുന്നതിനായാണ് മന്ത്രാലയം ഇത്തരം ഒരു തീരുമാനം നടപ്പിലാക്കുന്നത്.