സൗദി: രണ്ടാം ഡോസ് COVID-19 വാക്സിൻ കുത്തിവെപ്പിനുള്ള ബുക്കിംഗ് നീട്ടിവെക്കാൻ തീരുമാനം

GCC News

രാജ്യത്തെ രണ്ടാം ഡോസ് COVID-19 വാക്സിൻ കുത്തിവെപ്പുകൾക്കായി അനുവദിച്ചിട്ടുള്ള മുൻ‌കൂർ അനുമതികളുടെ തീയ്യതി നീട്ടിവെക്കാൻ തീരുമാനിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. പരമാവധി സൗദി നിവാസികൾക്ക് ആദ്യ ഡോസ് വാക്സിൻ കുത്തിവെപ്പുകൾ ഉറപ്പാക്കുന്നതിനാണ് രണ്ടാം ഡോസ് കുത്തിവെപ്പുകൾ നൽകുന്നത് നീട്ടിവെക്കാനുള്ള ഈ തീരുമാനം.

ഏപ്രിൽ 10-നാണ് സൗദി ആരോഗ്യ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. മന്ത്രാലയത്തിൽ നിന്നുള്ള അറിയിപ്പ് പ്രകാരം, 2021 ഏപ്രിൽ 11, ഞായറാഴ്ച്ച മുതൽ രണ്ടാം ഡോസ് കുത്തിവെപ്പിനായി അനുവദിച്ചിട്ടുള്ള മുഴുവൻ മുൻ‌കൂർ അനുമതികളുടെയും തീയ്യതികൾ മാറ്റിനിശ്ചയിക്കുന്നതാണെന്ന് വ്യക്തമാക്കുന്നു. രണ്ടാം ഡോസ് കുത്തിവെപ്പിനുള്ള പുതുക്കിയ തീയ്യതികൾ പിന്നീട് അറിയിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

COVID-19 വാക്സിൻ നിർമ്മാണ രംഗത്തും, വിതരണത്തിലും ആഗോളതലത്തിൽ നേരിടുന്ന പ്രതിസന്ധികൾ കണക്കിലെടുത്താണ് കൂടുതൽ പേർക്ക് ആദ്യ ഡോസ് കുത്തിവെപ്പ് നൽകുന്നതിന് മന്ത്രാലയം തീരുമാനിച്ചിട്ടുള്ളത്. ഇതുവരെ സൗദിയിലെ ഏതാണ്ട് 6 ദശലക്ഷത്തിൽ പരം ഡോസ് COVID-19 വാക്സിൻ കുത്തിവെപ്പുകൾ നൽകിയിട്ടുണ്ട്. ആദ്യ ഡോസ് കുത്തിവെപ്പുകൾ നൽകുന്ന നടപടികൾ ഏപ്രിൽ 11 മുതൽ ഊർജ്ജിതമാക്കാനും മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്.

രാജ്യത്തെ 75 വയസ്സിന് മുകളിൽ പ്രായമുള്ള മുഴുവൻ പൗരന്മാർക്കും, പ്രവാസികൾക്കും മുൻ‌കൂർ ബുക്കിങ്ങുകൾ കൂടാതെ COVID-19 വാക്സിൻ സ്വീകരിക്കാൻ അനുമതി നൽകിയതായി സൗദി ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.