സൗദി അറേബ്യ: ഇന്ത്യയിൽ നിന്നുള്ള തൊഴിലാളികളുടെ തൊഴിൽ നിപുണത പരിശോധിക്കുന്നതിനുള്ള പ്രത്യേക പദ്ധതി ആരംഭിക്കുന്നു

featured GCC News

ഇന്ത്യയിൽ നിന്നെത്തുന്ന തൊഴിലാളികളുടെ തൊഴിൽ നിപുണത ഇന്ത്യയിൽ നിന്ന് തന്നെ പരിശോധിക്കുന്നതിനുള്ള സ്‌കിൽ വെരിഫികേഷൻ പദ്ധതിയുടെ ആദ്യ ഘട്ടം ഈ മാസം അവസാനത്തോടെ ആരംഭിക്കുന്നതായി സൗദി അധികൃതർ അറിയിച്ചു. മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് സോഷ്യൽ ഡവലപ്മെന്റ് അധികൃതരെ ഉദ്ധരിച്ച് കൊണ്ട് സൗദി പ്രസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ആദ്യ ഘട്ടത്തിൽ ഈ പദ്ധതി ന്യൂ ഡൽഹി, മുംബൈ എന്നിവിടങ്ങളിലാണ് നടപ്പിലാക്കുന്നത്. പ്ലംബർ, ഇലെക്ട്രീഷ്യൻ, വെൽഡർ, റെഫ്രിജറേഷൻ/ എ സി ടെക്‌നീഷ്യൻ, ഓട്ടോമൊബൈൽ ഇലെക്ട്രീഷ്യൻ എന്നീ അഞ്ച് തൊഴിലുകളാണ് സ്‌കിൽ വെരിഫികേഷൻ പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ തിരഞ്ഞെടുത്തിരിക്കുന്നത്.

ഈ പദ്ധതി പ്രകാരം, ഇത്തരം തൊഴിലുകളിൽ സൗദി വിസകൾക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക്, ഇതിന് മുൻപായി ഇന്ത്യയിൽ വെച്ച് തന്നെ പ്രത്യേക പരീക്ഷകൾ നടത്തുന്നതാണ്. ഇതിൽ എഴുത്ത് പരീക്ഷയും, തൊഴിൽ നിപുണത പരിശോധിക്കുന്ന പ്രായോഗിക പരീക്ഷയും ഉൾപ്പെടുന്നു.

സൗദി തൊഴിൽ മേഖലയിലെ തൊഴിലാളികളുടെ തൊഴിൽ നിപുണത മികച്ചതാണെന്ന് ഉറപ്പ് വരുത്തുന്നത് ലക്ഷ്യമിട്ടാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഈ പദ്ധതിയുടെ ആദ്യ ഘട്ടം 2022 സെപ്റ്റംബറിൽ പാകിസ്ഥാനിൽ നിന്നുള്ള തൊഴിലാളികൾക്കിടയിൽ നടപ്പിലാക്കിയിരുന്നു.