രാജ്യത്തെ ആരോഗ്യ മേഖലയിലെ നാല് തൊഴിൽ പദവികളിൽ സ്വദേശിവത്കരണത്തിന്റെ തോത് ഉയർത്താൻ സൗദി അധികൃതർ തീരുമാനിച്ചു. 2024 ഒക്ടോബർ 16-ന് സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സസ് ആൻഡ് സോഷ്യൽ ഡവലപ്മെന്റാണ് ഇക്കാര്യം അറിയിച്ചത്.
സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സസ് ആൻഡ് സോഷ്യൽ ഡവലപ്മെന്റ്, ആരോഗ്യ മന്ത്രാലയം എന്നിവർ ചേർന്നാണ് സ്വകാര്യ മേഖലയിൽ ഈ തീരുമാനം നടപ്പിലാക്കുന്നത്. 2025 ഏപ്രിൽ 17 മുതൽ ഈ തീരുമാനം സൗദി അറേബ്യയിൽ പ്രാബല്യത്തിൽ വരുന്നതാണ്.
താഴെ പറയുന്ന തൊഴിൽ പദവികളിലാണ് ഈ തീരുമാനം നടപ്പിലാക്കുന്നത്:
- റേഡിയോളജി തൊഴിൽ പദവികളിൽ – സ്വദേശിവത്കരണ തോത് 65 ശതമാനമാക്കി ഉയർത്തും.
- മെഡിക്കൽ ലബോറട്ടറി തൊഴിൽ പദവികളിൽ – സ്വദേശിവത്കരണ തോത് 70 ശതമാനമാക്കി ഉയർത്തും.
- തെറപ്യൂറ്റിക് ന്യൂട്രിഷൻ തൊഴിൽ പദവികളിൽ – സ്വദേശിവത്കരണ തോത് 80 ശതമാനമാക്കി ഉയർത്തും.
- ഫിസിയോതെറാപ്പി തൊഴിൽ പദവികളിൽ – സ്വദേശിവത്കരണ തോത് 80 ശതമാനമാക്കി ഉയർത്തും.
ആദ്യ ഘട്ടത്തിൽ 2025 ഏപ്രിൽ 17 മുതൽ റിയാദ്, മക്ക, മദീന, ജിദ്ദ, ദമാം, അൽ ഖോബാർ എന്നിവിടങ്ങളിലെ മുഴുവൻ ആശുപത്രികളിലും, മറ്റു ആരോഗ്യ പരിചരണ കേന്ദ്രങ്ങളിലും, മറ്റു മേഖലകളിലെ വലിയ മെഡിക്കൽ കേന്ദ്രങ്ങളിലും ഈ തീരുമാനം നടപ്പിലാകുന്നതാണ്.
2025 ഒക്ടോബർ 17-ന് ആരംഭിക്കുന്ന രണ്ടാം ഘട്ടത്തിൽ സൗദി അറേബ്യയിലെ മുഴുവൻ ആരോഗ്യ പരിചരണ കേന്ദ്രങ്ങളിലും സ്വദേശിവത്കരണ തോത് സംബന്ധിച്ച ഈ തീരുമാനം ബാധകമാകുന്നതാണ്.
Cover Image: Saudi Press Agency.