ആദ്യ ഡോസ് COVID-19 വാക്സിൻ കുത്തിവെപ്പ് സ്വീകരിച്ച ശേഷം കൊറോണാ വൈറസ് രോഗബാധ സ്ഥിരീകരിക്കുന്നവർക്ക് ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് രണ്ടാം ഡോസ് കുത്തിവെപ്പ് നൽകുന്നതെന്ന് സൗദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇത്തരത്തിൽ രോഗബാധ സ്ഥിരീകരിക്കപ്പെടുന്നവരുടെ രണ്ടാം ഡോസ് കുത്തിവെപ്പ് തീയ്യതികൾ, രോഗമുക്തി നേടിയ ശേഷം ആറ് മാസത്തിനപ്പുറമുള്ള ഒരു തീയ്യതിയിലേക്ക് പുനഃക്രമീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
COVID-19 വാക്സിൻ കുത്തിവെപ്പെടുത്ത് (ഒന്നാം ഡോസോ അല്ലെങ്കിൽ രണ്ടാം ഡോസോ) 14 ദിവസങ്ങൾക്ക് ശേഷം COVID-19 രോഗബാധ സ്ഥിരീകരിച്ച വ്യക്തികളുമായി സമ്പർക്കത്തിനിടയാകുന്നവർക്ക്, പ്രത്യേകിച്ച് രോഗലക്ഷണങ്ങൾ ഒന്നും പ്രകടമല്ലാത്ത സാഹചര്യങ്ങളിൽ ക്വാറന്റീൻ ഒഴിവാക്കി നൽകുമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. എന്നാൽ കൂടുതൽ ആളുകൾ താമസിക്കുന്ന വീടുകളിലുള്ളവർക്ക് ഈ ഇളവ് ബാധകമല്ല. ഇവരിൽ രോഗലക്ഷണങ്ങൾ പ്രകടമാകുന്ന സാഹചര്യത്തിൽ, ഇവർ സ്വയം ഐസൊലേറ്റ് ചെയ്യേണ്ടതും, PCR ടെസ്റ്റ് നടത്തേണ്ടതുമാണ്.
അറുപത് വയസ്സിന് മുകളിൽ പ്രായമുള്ളവരുടെ രണ്ടാം ഡോസ് COVID-19 വാക്സിൻ കുത്തിവെപ്പുകൾ ഇപ്പോൾ ലഭ്യമാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം മെയ് 27-ന് അറിയിച്ചിരുന്നു.