2022 ജൂൺ 23 മുതൽ ജൂലൈ 19 വരെയുള്ള കാലയളവിൽ ഉംറ പെർമിറ്റുകൾ അനുവദിക്കുന്ന നടപടികൾ താത്കാലികമായി നിർത്തലാക്കുമെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. സൗദി പ്രസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഹജ്ജ് തീർത്ഥാടനം സുഗമമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഈ നിയന്ത്രണം. ഇതിന്റെ ഭാഗമായി 26 ദിവസത്തേക്ക് ഉംറ പെർമിറ്റുകൾ അനുവദിക്കുന്നതല്ല.
ഹജ്ജ് 2022 സീസൺ അവസാനിക്കുന്നതോടെ ജൂലൈ 19 മുതൽ ഉംറ പെർമിറ്റുകൾ അനുവദിക്കുന്ന നടപടികൾ പുനരാരംഭിക്കുന്നതാണ്. ഹജ്ജ് തീർത്ഥാടകർക്ക് താമസിക്കുന്നതിനായി ഒരുക്കിയിട്ടുള്ള താമസയിടങ്ങൾ ഏറ്റവും ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ പ്രകാരമാണ് തയ്യാറാക്കിയിരിക്കുന്നതെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു.
ഹജ്ജ് തീർത്ഥാടകരുടെ താമസയിടങ്ങളിൽ തെറ്റായ പ്രവണതകൾ ഒഴിവാക്കുന്നതിനും, സുരക്ഷ ഉറപ്പ് വരുത്തുന്നതിനുമായി കർശനമായ നിരീക്ഷണ നടപടികൾ, പരിശോധനകൾ എന്നിവ നടപ്പിലാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം ഇടങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്ന മാനദണ്ഡങ്ങളിൽ വീഴ്ച്ച വരുത്തുന്നവർക്ക് ആറ് മാസം വരെ തടവും, 30000 റിയാൽ വരെ പിഴയും ചുമത്തപ്പെടാവുന്നതാണ്.
ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനവുമായി ബന്ധപ്പെട്ട കർമ്മപദ്ധതി സംബന്ധിച്ചും, തയ്യാറെടുപ്പുകൾ സംബന്ധിച്ചും സൗദി ജനറൽ പ്രെസിഡെൻസി ഫോർ ദി അഫയേഴ്‌സ് ഓഫ് ദി ടു ഹോളി മോസ്‌ക്‌സ് 2022 ജൂൺ 19-ന് അറിയിപ്പ് നൽകിയിരുന്നു.