സൗദി: മാളുകൾ, റെസ്റ്ററന്റുകൾ തുടങ്ങിയ ഇടങ്ങളിൽ ഏർപ്പെടുത്തുന്ന സുരക്ഷാ നിബന്ധനകളിൽ മാറ്റം വരുത്താൻ തീരുമാനം

GCC News

രാജ്യത്തെ വാണിജ്യ കേന്ദ്രങ്ങളിൽ ഏർപ്പെടുത്തിയിട്ടുള്ള COVID-19 സുരക്ഷാ മാനദണ്ഡങ്ങളിൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി സൗദി പബ്ലിക് ഹെൽത്ത് അതോറിറ്റി അറിയിച്ചു. കൊറോണ വൈറസിന്റെ ഒമിക്രോൺ വകഭേദം ഉൾപ്പടെ വ്യാപിക്കുന്നത് തടയുന്നത് ലക്ഷ്യമിട്ടുള്ള ഈ തീരുമാനം ഡിസംബർ 30-നാണ് സൗദി പബ്ലിക് ഹെൽത്ത് അതോറിറ്റി അറിയിച്ചത്.

സൗദിയിലെ വാണിജ്യ കേന്ദ്രങ്ങൾ, പരമ്പരാഗത മാർക്കറ്റുകൾ, മാളുകൾ, റെസ്റ്ററന്റുകൾ, കഫെ തുടങ്ങിയ ഇടങ്ങൾക്ക് ഈ പുതുക്കിയ നിർദ്ദേശങ്ങൾ ബാധകമാണ്. ഇതുമായി ബന്ധപ്പെട്ട് താഴെ പറയുന്ന നിർദ്ദേശങ്ങളാണ് സൗദി പബ്ലിക് ഹെൽത്ത് അതോറിറ്റി അറിയിച്ചിരിക്കുന്നത്:

  • റെസ്റ്ററന്റുകൾ, കഫെ തുടങ്ങിയ ഇടങ്ങളിലെത്തുന്നവർ സമൂഹ അകലം പാലിക്കേണ്ടതാണ്. ഇതിനായി ഇത്തരം സ്ഥാപനങ്ങളിലെ ഉപഭോക്താക്കളിൽ നിന്നുള്ള ഓർഡർ സ്വീകരിക്കുന്നതിനും, ഉപഭോക്താക്കൾ കാത്തിരിക്കുന്നതിനും ഉള്ള ഇടങ്ങളിൽ വ്യക്തികൾ തമ്മിൽ 1.5 മീറ്റർ സാമൂഹിക അകലം ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ്.
  • ഒരേ കുടുംബത്തിൽ നിന്നുള്ളവരെ ഒറ്റ വ്യക്തിയായി കണക്കാക്കുന്നതും, ഇവർക്ക് സാമൂഹിക അകലം സംബന്ധിച്ച നിയന്ത്രണങ്ങൾ ഒഴിവാക്കുന്നതുമാണ്.
  • റെസ്റ്ററന്റുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിന് ഉപഭോക്താക്കൾക്ക് അനുമതി നൽകിയിട്ടുണ്ട്.
  • വാണിജ്യ കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർക്ക് (‘Tawakkalna’ ആപ്പിൽ ഇത് തെളിയിക്കുന്ന സ്റ്റാറ്റസ് നിർബന്ധം) മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ആരോഗ്യ കാരണങ്ങളാൽ വാക്സിനെടുക്കുന്നത് ഒഴിവാക്കുന്നതിന് ഔദ്യോഗിക അനുമതി നേടിയിട്ടുള്ളവർക്ക് (‘Tawakkalna’ ആപ്പിൽ ഇത് തെളിയിക്കുന്ന സ്റ്റാറ്റസ് നിർബന്ധം) മാത്രമാണ് ഇതിൽ ഇളവ് അനുവദിക്കുന്നത്.
  • എല്ലാ വാണിജ്യ കേന്ദ്രങ്ങളിലേക്കും പ്രവേശിക്കുന്ന ഉപഭോക്താക്കൾ, ഇത്തരം ഇടങ്ങളിലേക്ക് പ്രവേശിക്കുന്നതിന് മുൻപായി തങ്ങളുടെ സ്മാർട്ട്ഫോണുകളിൽ ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന ‘Tawakkalna’ ആപ്പ് ഉപയോഗിച്ച് ഒരു ബാർകോഡ് സ്കാൻ ചെയ്യേണ്ടതാണ്. മാളുകളിലേക്കും മറ്റും പ്രവേശിക്കുന്ന ഉപഭോക്താക്കൾ, സന്ദർശകർ തുടങ്ങിയവർ COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവരാണെന്ന് തെളിയിക്കുന്നതിനായാണ് ഈ നടപടി.
  • ഇത്തരം ഇടങ്ങളിലേക്ക് പ്രവേശിക്കുന്ന മുഴുവൻ ഉപഭോക്താക്കളും ഈ സ്കാനിംഗ് നടപടികൾ പൂർത്തിയാക്കുന്നുണ്ടെന്ന് സ്ഥാപനങ്ങളിലെ ജീവനക്കാർ ഉറപ്പ് വരുത്തേണ്ടതാണ്.
  • രാജ്യത്തെ ചില്ലറവില്പന മേഖലയിൽ പ്രവർത്തിക്കുന്ന ഗ്രോസറി ഷോപ്പുകൾ, അലക്കുകമ്പനികൾ, തയ്യൽകടകൾ, ബാർബർഷോപ്പുകൾ തുടങ്ങിയ ചെറിയ കടകളിലെത്തുന്ന ഉപഭോക്താക്കളുടെ വാക്സിനേഷൻ സ്റ്റാറ്റസ് ഇത്തരം സ്ഥാപനങ്ങളിലെ ജീവനക്കാർ നേരിട്ട് പരിശോധിക്കേണ്ടതാണ്.
  • ശീഷ ഷോപ്പുകൾക്ക് ഔട്ട്ഡോറിൽ മാത്രമാണ് പ്രവർത്തിക്കുന്നതിന് അനുമതി നൽകിയിരിക്കുന്നത്.
  • രാജ്യത്തെ ഇൻഡോറിലും, ഔട്ട്ഡോറിലുമുള്ള പൊതു ഇടങ്ങളിലെത്തുന്ന മുഴുവൻ വ്യക്തികളും 2021 ഡിസംബർ 30 മുതൽ മാസ്കുകൾ നിർബന്ധമായും ധരിക്കേണ്ടതാണ്.