സൗദി: ഉംറ പെർമിറ്റുകളില്ലാതെ എത്തുന്നവർക്ക് പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ്

GCC News

സാധുതയുള്ള ഉംറ പെർമിറ്റുകളില്ലാതെ ഉംറ തീർത്ഥാടനത്തിനായെത്തുന്നവർക്ക് പിഴ ചുമത്തുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. 2022 ഏപ്രിൽ 2-നാണ് സൗദി ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ പൊതു സുരക്ഷാ വിഭാഗം ഈ മുന്നറിയിപ്പ് ആവർത്തിച്ചത്.

ഇത്തരത്തിൽ പെർമിറ്റുകളില്ലാതെ ഉംറ തീർത്ഥാടനം അനുഷ്ഠിക്കുന്നതിന് ശ്രമിക്കുന്നവർക്ക് പതിനായിരം റിയാൽ പിഴ ചുമത്തുമെന്നാണ് സൗദി അധികൃതർ അറിയിച്ചിരിക്കുന്നത്. ഉംറ തീർത്ഥാടകരുടെ പെർമിറ്റുകൾ Tawakkalna ആപ്പ് ഉപയോഗിച്ച് പരിശോധിക്കുമെന്നും, തീർത്ഥാടകരുടെ നാഷണൽ ഐഡി, റെസിഡൻസി, പാസ്സ്‌പോർട്ട് നമ്പർ, പെർമിറ്റിൽ അനുവദിക്കപ്പെട്ട തീയതി മുതലായ വിവിധ വിവരങ്ങൾ പരിശോധിച്ച ശേഷമാണ് പ്രവേശനം അനുവദിക്കുന്നതെന്നും അധികൃതർ കൂട്ടിച്ചേർത്തു.

ഉംറ തീർത്ഥാടകർ Eatmarna, Tawakkalna ആപ്പുകൾ ഉപയോഗിച്ച് കൊണ്ട് ഉംറ അനുഷ്ഠിക്കുന്നതിനുള്ള അനുമതിയ്ക്കായി അപേക്ഷ സമർപ്പിക്കേണ്ടതുണ്ടെന്നും, പെർമിറ്റ് ഇല്ലാത്തവർക്ക് തീർത്ഥാടനം അനുവദിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി. റമദാനിൽ ഉംറ തീർത്ഥാടനത്തിന് അനുഭവപ്പെടുന്ന വലിയ തിരക്ക് കണക്കിലെടുത്താണ് അധികൃതർ ഈ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.