സൗദി അറേബ്യയുടെ ആദ്യ ബഹിരാകാശ ദൗത്യത്തിന് 2023 മെയ് 21, ഞായറാഴ്ച വിജയകരമായ തുടക്കമിട്ടതായി നാസ അറിയിച്ചു. 2023 മെയ് 22-ന് പുലർച്ചെയാണ് സൗദി പ്രസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഈ ബഹിരാകാശ ദൗത്യത്തിന്റെ ഭാഗമായി ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിലേക്ക് സഞ്ചരിക്കുന്ന സൗദി ബഹിരാകാശ യാത്രികരായ അലി അൽ ഖാർനി, രയ്യാനാഹ് ബർനാവി എന്നിവരുൾപ്പടെയുള്ളവരെയും വഹിച്ച് കൊണ്ടുള്ള സ്പേസ്എക്സ് ഫാൽക്കൺ 9 റോക്കറ്റ് 2023 മെയ് 21-ന് രാത്രി ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിലെ കേപ്പ് കാനവേറൽ സ്പേസ് ഫോഴ്സ് സ്റ്റേഷനിൽ നിന്ന് വിജയകരമായി വിക്ഷേപിച്ചിട്ടുണ്ട്. ഇതോടെ ആദ്യ അറബ് മുസ്ലിം വനിതാ ബഹിരാകാശ സഞ്ചാരി എന്ന നേട്ടം രയ്യാനാഹ് ബർനാവി കൈവരിച്ചു.
അലി അൽ ഖാർനി, രയ്യാനാഹ് ബർനാവി എന്നിവർക്ക് പുറമെ നാസയിലെ ബഹിരാകാശസഞ്ചാരികളായ പെഗ്ഗി വിറ്റ്‌സൺ, ജോൺ ഷോഫ്നർ എന്നിവരും ഈ ദൗത്യത്തിന്റെ ഭാഗമാണ്. ഈ ബഹിരാകാശസഞ്ചാരികളെയും വഹിച്ച് കൊണ്ടുള്ള സ്പേസ്എക്സ് ഫാൽക്കൺ 9 റോക്കറ്റ് 16 മണിക്കൂർ യാത്ര ചെയ്ത ശേഷം 2023 മെയ് 22, തിങ്കളാഴ്ച വൈകീട്ട് 4:30-ഓടെ ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിലെത്തിച്ചേരുന്നതാണ്.
ഇവർ വിവിധ ഗവേഷണങ്ങളുമായി എട്ട് ദിവസം ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിൽ തുടരുന്നതാണ്. ഈ ദൗത്യത്തിന്റെ ഭാഗമായി ഇവർ ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിൽ മൈക്രോഗ്രാവിറ്റി സംബന്ധമായ വിവിധ ശാസ്ത്രീയ പഠനങ്ങളിലും, 20 ഗവേഷണ പരീക്ഷണങ്ങളിലും പങ്കെടുക്കുന്നതാണ്.
Cover Image: @NASA.