സൗദി അറേബ്യ: വിദേശികൾക്ക് റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങൾ നടത്തുന്നതിന് അനുമതി നൽകും

featured GCC News

വിദേശികൾക്ക് സൗദി അറേബ്യയിൽ സ്വന്തമായി ഭൂമി വാങ്ങാൻ അനുമതി നൽകുന്ന നിയമത്തിന് സൗദി ക്യാബിനറ്റ് അംഗീകാരം നൽകി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

രാജ്യത്ത് മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള മേഖലകളിൽ വിദേശികൾക്ക് റിയൽ എസ്റ്റേറ്റ് സ്വന്തമാക്കുന്നതിന് അനുമതി നൽകുന്നതാണ് ഈ നിയമം. ഈ നിയമം 2026 ജനുവരിയിൽ പ്രാബല്യത്തിൽ വരുന്നതാണ്.

വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് സൗദി അറേബ്യ ഇത്തരം ഒരു നിയമം നടപ്പിലാക്കുന്നത്. ഈ നിയമത്തിന് സൗദി ക്യാബിനറ്റ് അംഗീകാരം നൽകിയതിനെ സൗദി മുനിസിപ്പാലിറ്റീസ് ആൻഡ് ഹൗസിങ് വകുപ്പ് മന്ത്രി മജീദ് അൽ-ഹോഗൈൽ സ്വാഗതം ചെയ്തു.

സൗദി പൗരന്മാരുടെ താത്‌പര്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള വ്യവസ്ഥകൾ ഉൾക്കൊള്ളിച്ച് കൊണ്ടാണ് ഈ നിയമം തയ്യാറാക്കിയിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. സൗദി അറേബ്യയിലെ മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള മേഖലകളിൽ, വ്യക്തമായ നടപടിക്രമങ്ങൾക്കനുസൃതമായി മാത്രമാണ് വിദേശികൾക്ക് റിയൽ എസ്റ്റേറ്റ് സ്വന്തമാക്കുന്നതിന് അനുമതി നൽകുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

റിയാദ്, ജിദ്ദ തുടങ്ങിയ ഇടങ്ങളിൽ ഇതിന്റെ ഭാഗമായി വിദേശികൾക്ക് റിയൽ എസ്റ്റേറ്റ് നിക്ഷേപം നടത്തുന്നതിന് അനുമതി ലഭിക്കുന്നതാണ്.