സൗദി: 4 ദശലക്ഷത്തിലധികം COVID-19 ടെസ്റ്റുകൾ നടത്തിയതായി ആരോഗ്യ മന്ത്രാലയം

GCC News

രോഗവ്യാപനം ആരംഭിച്ചത് മുതൽ ഇതുവരെ, സൗദി അറേബ്യയിൽ 4 ദശലക്ഷത്തിലധികം COVID-19 PCR പരിശോധനകൾ നടത്തിയതായി ആരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ച് കൊണ്ട് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. മഹാമാരിയുടെ ആദ്യ ദിനങ്ങളിൽ സൗദിയിൽ ദിനവും ആയിരത്തിനടുത്ത് ടെസ്റ്റുകളാണ് നടത്തിയിരുന്നത്. എന്നാൽ നിലവിൽ പ്രതിദിന PCR പരിശോധനകളുടെ എണ്ണം 67000-ത്തിനു മുകളിലാണെന്ന് മന്ത്രാലയം വ്യക്തമാക്കുന്നു.

ഇതുവരെ രാജ്യത്ത് ഇത്തരം പരിശോധനകൾക്കായി 50 പ്രത്യേക ലാബുകൾ ആരംഭിച്ചതായും ആരോഗ്യ മന്ത്രാലയം കൂട്ടിച്ചേർത്തു. രോഗവ്യാപനം കണ്ടെത്തി തടയുന്നതിനായി ആരോഗ്യ മന്ത്രാലയത്തിന്റെ പ്രത്യേക സംഘങ്ങൾ രാജ്യത്തുടനീളം തീവ്രമായ പരിശോധനകൾ നടപ്പിലാക്കിയതായും അധികൃതർ വ്യക്തമാക്കി.

ശ്വാസതടസം, പനി മുതലായ രോഗലക്ഷണങ്ങൾ പ്രകടമാക്കുന്നവർക്ക് മുൻകൂട്ടി അനുവാദം നേടാതെ തന്നെ പരിശോധനകൾക്ക് വിധേയരാകുന്നതിനുള്ള സൗകര്യം നൽകുന്ന ടെസ്റ്റിംഗ് കേന്ദ്രങ്ങളും, പ്രത്യേകിച്ച് രോഗ ലക്ഷണങ്ങൾ ഒന്നുമില്ലാത്തവർക്ക് പരിശോധനകൾക്ക് വിധേയരാകുന്നതിനുള്ള സൗകര്യം നൽകുന്ന ടെസ്റ്റിംഗ് കേന്ദ്രങ്ങളും പ്രത്യേകമായി മന്ത്രാലയത്തിന് കീഴിൽ ആരംഭിച്ചിരുന്നു. രോഗവ്യാപനം തടയുന്നത് ലക്ഷ്യമിട്ട് ഡ്രൈവ്-ത്രൂ ടെസ്റ്റിംഗ് കേന്ദ്രങ്ങളും സൗദി ആരോഗ്യ മന്ത്രാലയം ആരംഭിച്ചിരുന്നു.