രാജ്യത്തെ പ്രൈമറി വിദ്യാലയങ്ങളിൽ 2022 ജനുവരി 23, ഞായറാഴ്ച്ച മുതൽ നേരിട്ടുള്ള അധ്യയനം ആരംഭിക്കാനിരിക്കുന്ന സാഹചര്യത്തിൽ വിദ്യാലയങ്ങളിൽ നേരിട്ടെത്തുന്നതിൽ ഇളവ് അനുവദിച്ചിട്ടുള്ള വിദ്യാർത്ഥി വിഭാഗങ്ങൾ സംബന്ധിച്ച് സൗദി പൊതു ആരോഗ്യ വിഭാഗം അറിയിപ്പ് നൽകി. പ്രൈമറി വിദ്യാലയങ്ങളിലും, കിന്റർഗാർട്ടണുകളിലും നേരിട്ടെത്തുന്നതിൽ ആരോഗ്യ കാരണങ്ങളാൽ പതിനൊന്ന് വിഭാഗങ്ങളിൽപ്പെടുന്ന വിദ്യാർത്ഥികൾക്കാണ് ഇളവ് അനുവദിച്ചിരിക്കുന്നത്.
അനീമിയ, ടൈപ്പ് 1 പ്രമേഹം, അമിതവണ്ണം എന്നിവയുള്ള വിദ്യാർത്ഥികൾ, ദുർബലമായ ശരീരമുള്ള വിദ്യാർത്ഥികൾ, ഹൃദയസംബന്ധമായ അസുഖങ്ങളുള്ള വിദ്യാർത്ഥികൾ, വിട്ടുമാറാത്ത ശ്വാസകോശസംബന്ധമായ രോഗങ്ങളുള്ള വിദ്യാർത്ഥികൾ, ഗുരുതര കിഡ്‌നി സംബന്ധമായ രോഗങ്ങളുള്ള വിദ്യാർത്ഥികൾ, രോഗപ്രതിരോധശേഷി സംബന്ധമായ രോഗങ്ങളുള്ള വിദ്യാർത്ഥികൾ, അവയവമാറ്റ ശസ്ത്രക്രിയകൾ നടത്തിയിട്ടുള്ള വിദ്യാർത്ഥികൾ, ജനിതക രോഗങ്ങളുള്ള വിദ്യാർത്ഥികൾ തുടങ്ങിയവർക്കാണ് വിദ്യാലയങ്ങളിൽ നേരിട്ടെത്തുന്നതിൽ ഇളവ് അനുവദിച്ചിട്ടുള്ളത്. ഇതിന് പുറമെ, ഇത്തരം രോഗങ്ങൾ ബാധിച്ചിട്ടുള്ള കൂടപ്പിറപ്പുകളുള്ള വിദ്യാർത്ഥികൾ, ആരോഗ്യ കാരണങ്ങളാൽ വാക്സിനെടുക്കുന്നതിൽ ഇളവ് ലഭിച്ചിട്ടുള്ള രക്ഷിതാക്കൾ, കൂടപ്പിറപ്പുകൾ എന്നിവരുള്ള വിദ്യാർത്ഥികൾ എന്നവർക്കും വിദ്യാലയങ്ങളിൽ നേരിട്ട് ഹാജരാകുന്നതിൽ ഇളവ് അനുവദിച്ചിട്ടുണ്ട്.
രാജ്യത്തെ പ്രൈമറി വിദ്യാലയങ്ങളിലും, കിന്റർഗാർട്ടണുകളിലും വിദ്യാർത്ഥികൾ നേരിട്ട് ഹാജരാകുന്നതുമായി ബന്ധപ്പെട്ട് പബ്ലിക് ഹെൽത്ത് അതോറിറ്റി പുറത്തിറക്കിയിട്ടുള്ള മാനദണ്ഡങ്ങളിലാണ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയിട്ടുള്ളത്. ഈ അറിയിപ്പ് പ്രകാരം പ്രൈമറി വിദ്യാലയങ്ങളിൽ രാവിലെയുള്ള അസംബ്ലി ഒഴിവാക്കിയിട്ടുണ്ട്. സ്‌കൂൾ കാന്റീനുകൾ പ്രവർത്തിക്കുന്നതല്ല. സ്‌കൂളുകളിലെത്തുന്ന വിദ്യാർത്ഥികൾ നേരെ തങ്ങളുടെ ക്ലാസ്സ് മുറികളിൽ പ്രവേശിക്കേണ്ടതാണ്.
വിദ്യാലയങ്ങളിലെത്തുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും മാസ്കുകളുടെ ഉപയോഗം നിർബന്ധമാണ്. സാമൂഹിക അകലം ഉറപ്പാക്കിക്കൊണ്ടാണ് വിദ്യാലയങ്ങളുടെ പ്രവർത്തനം നടപ്പിലാക്കുന്നത്.
2022 ജനുവരി 23 മുതൽ രാജ്യത്തെ പ്രൈമറി വിദ്യാലയങ്ങളിലും, കിന്റർഗാർട്ടണുകളിലും വിദ്യാർത്ഥികൾക്ക് നേരിട്ടുള്ള അധ്യയനം പുനരാരംഭിക്കാൻ തീരുമാനിച്ചതായി സൗദി വിദ്യാഭ്യാസ മന്ത്രാലയം ജനുവരി 9-ന് അറിയിച്ചിരുന്നു.