സൗദി അറേബ്യയിൽ നിലവിലുള്ള കർഫ്യു അനിശ്ചിത കാലത്തേക്ക് നീട്ടിയതായി സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൽഅസീസ് അൽ സൗദ് ഉത്തരവിട്ടു. നിലവിലെ രാജ്യത്തെ COVID-19 സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷമാണ് കർഫ്യു ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ നീട്ടാൻ തീരുമാനിച്ചതെന്ന് ഏപ്രിൽ 12, ഞായറാഴ്ച്ച പുലർച്ചെ സൗദി ആഭ്യന്തര മന്ത്രാലയം വക്താവ് അറിയിച്ചു.
ജനങ്ങളോട് സമൂഹത്തിന്റെ ആരോഗ്യ സുരക്ഷയെ മുൻനിർത്തി ഈ ഉത്തരവ് പാലിക്കണമെന്നും, രാജ്യത്ത് നിലവിലുള്ള നിയന്ത്രണങ്ങളും പ്രതിരോധ നടപടികളും തുടരുമെന്നും അധികൃതർ വ്യക്തമാക്കി. രാജ്യത്തെ വിവിധ പട്ടണങ്ങളിലായി ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളും, രാജ്യത്തെ 13 മേഖലകളിൽ ഏർപ്പെടുത്തിയ യാത്രാ വിലക്കുകളും തുടരും.
അതേസമയം സൗദിയിൽ കൊറോണാ വൈറസ് ബാധയെത്തുടർന്ന് 5 പേർ കൂടി മരിച്ചതായും, 382 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ സ്ഥിരീകരിച്ചതായും ആരോഗ്യ മന്ത്രാലയം ഏപ്രിൽ 11 ശനിയാഴ്ച്ച അറിയിച്ചിരുന്നു.