സൗദി: പ്രവാസികളുടെ എക്സിറ്റ് വിസ കാലാവധി ഒക്ടോബർ 31 വരെ നീട്ടി നൽകി

GCC News

നിലവിൽ സൗദിയിലുള്ള രാജ്യം വിട്ടു പോകാൻ കഴിയാതിരുന്നവരുടെ എക്സിറ്റ് വിസ കാലാവധി ഒക്ടോബർ 31 വരെ നീട്ടി നൽകിയതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്പോർട്സ് (ജവാസത്ത്) അറിയിച്ചു. യാത്രാ വിലക്കുകളെത്തുടർന്ന് സൗദിയിൽ നിന്ന് പുറത്തേക്ക് യാത്രചെയ്യാൻ കഴിയാതെ തുടരുന്ന പ്രവാസികളുടെ ഫൈനൽ എക്സിറ്റ് വിസ കാലാവധി ഒക്ടോബർ 31 വരെ സൗജന്യമായി, സ്വമേധയാ നീട്ടി നൽകിയതായാണ് ജവാസത്ത് അറിയിച്ചത്.

https://twitter.com/AljawazatKSA/status/1317138749982150666

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ യാത്രാ നിയന്ത്രണങ്ങൾ മൂലം സ്വന്തം നാടുകളിലേക്ക് തിരികെ മടങ്ങാൻ കഴിയാതിരുന്ന പ്രവാസികൾക്ക് പിന്തുണ നൽകാനുള്ള സൗദിയുടെ നയത്തിന്റെ ഭാഗമായാണ് ജവാസത്ത് എക്സിറ്റ് വിസ കാലാവധികൾ നീട്ടിനൽകിയത്.

പ്രത്യേക അപേക്ഷകൾ കൂടാതെ ഇവയുടെ കാലാവധി നീട്ടുന്നതിനായുള്ള നടപടികൾ നാഷണൽ ഇൻഫർമേഷൻ സെന്ററുമായി ചേർന്ന് സംയുക്തമായി നടപ്പിലാക്കുന്നതാണെന്ന് ജവാസത്ത് വ്യക്തമാക്കി. ഇതുവരെ 28000-ത്തിൽ പരം എക്സിറ്റ് വിസ കാലാവധികൾ നീട്ടിനൽകുന്ന നടപടികൾ പൂർത്തിയായതായും അധികൃതർ അറിയിച്ചു.